ഇംഫാൽ: മണിപ്പൂരിൽ നൂറുകണക്കിന് ക്രിസ്ത്യാനികളുടെ മരണത്തിനിടയാക്കിയ കലാപത്തിൻ്റെയും രക്തച്ചൊരിച്ചിലിൻ്റെയും ഒന്നാം വാർഷികത്തിൽ അനുസ്മരണ പ്രാർത്ഥനയും റാലിയുമായി ക്രൈസ്തവർ. വിവിധയിടങ്ങളിൽ പ്രത്യേക പ്രാർത്ഥനാ കൂട്ടായ്മകളും മെഴുകുതിരി പ്രദിക്ഷണവും പ്രതിഷേധ പരിപാടികളും നടന്നു. 2023 മെയ് മൂന്ന് മുതൽ മണിപ്പൂരിനെ വിഴുങ്ങിയ രക്തരൂക്ഷിതമായ വംശീയ സംഘർഷത്തിൽ 230 പേർ മരിച്ചതായാണ് സർക്കാർ കണക്ക്. എന്നാൽ ഇതിലും പതിമടങ്ങ് പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
ഡൽഹി ഡൗൺ ടൗണിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൻ്റെ കവാടത്തിൽ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ അനിൽ ജെ. കൂട്ടോയുടെ നേതൃത്വത്തിൽ വിവിധ സഭകളെ പ്രതിനിധീകരിച്ച് ബിഷപ്പുമാർ സമൂഹ പ്രാർത്ഥന നടത്തി. കറുത്ത വസ്ത്രം ധരിച്ച കുക്കി അഭയാർത്ഥികൾ ഗാനങ്ങൾ ആലപിച്ചുക്കൊണ്ടാണ് പ്രാർത്ഥനയ്ക്ക് തുടക്കമിട്ടത്. സഭാനേതാക്കൾ സമാധാനത്തിനായി പ്രാർത്ഥനകളും സമാധാന അഭ്യർത്ഥനയും നടത്തി.
സഭയും സമൂഹവും ദുരിതബാധിതർക്ക് ആശ്വാസം പകരുവാൻ പരമാവധി ശ്രമിക്കുകയാണെന്നും കുടിയിറക്കപ്പെട്ടവർക്ക് അവരുടെ നാടുകളിലേക്ക് മടങ്ങാൻ കഴിയണമെന്ന് പ്രാർത്ഥിക്കുകയാണെന്നും ആർച്ച് ബിഷപ്പ് അനിൽ ജെ. കൂട്ടോ പറഞ്ഞു. നാം വഹിക്കുന്ന തിരികൾ മനസിൽ നിന്ന് ഇരുട്ടും വെറുപ്പും അകറ്റുകയും സമാധാനത്തിലും ഐക്യത്തിലും സാഹോദര്യത്തിലും ജീവിക്കാൻ എല്ലാവരെയും പ്രചോദിപ്പിക്കുകയും ചെയ്യട്ടെയെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗങ്ങളും പ്രാർത്ഥനാ കൂട്ടായ്മയിലും അനുസ്മരണ പരിപാടിയിലും പങ്കെടുക്കുവാൻ എത്തി.
മണിപ്പൂർ കലാപത്തിൽ തകർക്കപ്പെട്ട അനേകം ദേവാലയങ്ങളിലൊന്നായ സുഗ്നുവിലെ സെന്റ് ജോസഫ് പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ ഒറ്റയ്ക്ക് മുട്ടുകുത്തിനിന്ന് കൈകൾ ആകാശത്തേക്ക് ഉയർത്തി പ്രാർഥിക്കുന്ന ബിഷപ്പിന്റെ ചിത്രവും വേദനിപ്പിച്ചു. മണിപ്പൂർ കലാപത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇംഫാൽ ആർച്ച് ബിഷപ്പ് ലീനസ് നെലി തകർന്ന ദേവാലയങ്ങളിൽ ഒറ്റയ്‌ക്കെത്തി പ്രാർഥന നടത്തിയത്.
വംശീയ കലാപത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള മൂന്ന് ദിവസത്തെ ഉപവാസത്തിലും പ്രാർഥനയിലും പങ്കുചേരാൻ ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. ഞാൻ എന്റെ ജനങ്ങളോടു പറയുന്നു. സമാധാനത്തിനും അനുരഞ്ജനത്തിനുംവേണ്ടി പ്രാർഥിക്കുക. പ്രതീക്ഷ കൈവിടരുത്. എന്നാൽ സമാധാനത്തിനുള്ള ഉപകരണങ്ങൾ വളരെ ദുർബലമാണ്. സമാധാനത്തിന്റെ ഏജന്റുമാരെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഞങ്ങൾക്ക് സംസ്ഥാന സർക്കാരിൽ നിന്നും മറ്റ് അധികാരികളിൽ നിന്നും നല്ല നടപടി ആവശ്യമാണ്. ദൈവത്തിന്റെ ശക്തിക്കും പ്രബുദ്ധതയ്ക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നെന്ന് കലാപത്തിന്റെ വാർഷിക ദിനത്തിൽ മാധ്യമങ്ങൾക്ക് നൽകിയ സന്ദേശത്തിൽ അദേഹം പറഞ്ഞു.
മെയ്തേയ് – കുക്കി ഗോത്രവർഗക്കാരുടെ ഇടയിൽ ഉടലെടുത്ത ആശയക്കുഴപ്പങ്ങളും മറ്റുമാണ് മണിപ്പൂരിനെ ഒരു കലാപഭൂമിയാക്കി മാറ്റിയത്. ഔദ്യോഗിക കണക്കുകളനുസരിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 230 ആണെങ്കിലും കലാപത്തിൽ ഇതിൽ കൂടുതൽ ആളുകൾ മരിച്ചുവെന്ന് കുക്കികൾ പറയുന്നു. 60,000ത്തോളം വരുന്ന കേന്ദ്ര സേനാംഗങ്ങൾ ഇരു സമുദായങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങൾ വഷളാകാതിരിക്കാൻ പ്രത്യേകം ശ്രമിക്കുന്നുണ്ട്. എങ്കിൽപ്പോലും ഈ പ്രദേശം ശാന്തമല്ല. ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നു. കൂടാതെ ആയിരക്കണക്കിന് ആളുകൾക്ക് അവർ ഇതുവരെ കരുതിയതെല്ലാം നഷ്ടപ്പെട്ടു. ഇതേ തുടർന്ന് ഇപ്പോഴും പലരും പലായനം ചെയ്യേണ്ടുന്ന അവസ്ഥയിലാണ്.
ഒരു വർഷം മുൻപ് മണിപ്പൂരിലെ പ്രബല വിഭാഗമായ മെയ്തേയെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ ചൊല്ലിയുള്ള പ്രതിഷേധത്തിന് പിന്നാലെ അതുവരെ പുകഞ്ഞിരുന്ന അസ്വസ്ഥതകൾക്ക് തീപിടിക്കുകയായിരുന്നു. മണിപ്പൂരിലെ കുക്കി വിഭാഗത്തിന് മേധാവിത്വമുള്ള 'ഓൾ ട്രൈബൽ സ്റ്റുൻഡൻസ് യൂണിയൻ' സംഘടിപ്പിച്ച മാർച്ചിന് ശേഷം ചുരാന്ദ്പ്പൂർ, ബിഷ്ണുപൂർ, ഇംഫാൽ തുടങ്ങിയ മേഖലകളിലേക്ക് കലാപം പെട്ടെന്ന് തന്നെ പടരുകയായിരിന്നു. ഗോത്ര വിഭാഗം താമസിക്കുന്ന കുന്നുകളിൽ ആയിരക്കണക്കിന് വീടുകൾ അഗ്നിക്ക് ഇരയാക്കപ്പെട്ടു. ഇരുഭാഗത്തും നിരവധി ക്രൈസ്തവ ദേവാലയങ്ങൾ കൊള്ളയടിക്കപ്പെട്ടു. കത്തിയമർന്ന നിരവധി ക്രൈസ്തവ ദേവാലയങ്ങളുടെ ചിത്രങ്ങളും ഇക്കാലയളവിൽ പുറത്തുവന്നിരിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.