'ലഭിച്ച മൃതദേഹം ബന്ദിയുടേത് അല്ല': ഹമാസിനെതിരെ ഇസ്രയേല്‍; ഹമാസ് ആയുധം ഉപേക്ഷിച്ചില്ലെങ്കില്‍ അത് സാധ്യമാക്കുമെന്ന് ട്രംപ്

'ലഭിച്ച മൃതദേഹം ബന്ദിയുടേത് അല്ല': ഹമാസിനെതിരെ ഇസ്രയേല്‍; ഹമാസ് ആയുധം ഉപേക്ഷിച്ചില്ലെങ്കില്‍ അത് സാധ്യമാക്കുമെന്ന് ട്രംപ്

ടെല്‍ അവീവ്: ഹമാസ് ബുധനാഴ്ച വിട്ടു നല്‍കിയ നാല് മൃതദേഹങ്ങളില്‍ ഒന്ന് ബന്ദിയുടേത് അല്ലെന്ന് ഇസ്രയേല്‍. ലഭിച്ച മൃതദേഹം ബന്ദികളാക്കപ്പെട്ട ആരുടെയും ഡി.എന്‍.എയുമായി പൊരുത്തപ്പെടുന്നില്ലെന്നും മൃതദേഹങ്ങള്‍ വിട്ടുനല്‍കാതെ ഹമാസ് കരാര്‍ ലംഘനം നടത്തുകയാണെന്നും ഇസ്രയേല്‍ ആരോപിച്ചു.

ബന്ദികളുടെ മൃതദേഹങ്ങള്‍ ഉടന്‍ നല്‍കിയില്ലെങ്കില്‍ ഗാസയിലേക്കുള്ള സഹായ വിതരണം നിയന്ത്രിക്കുമെന്നും ഈജിപ്തിനും ഗാസയ്ക്കുമിടയിലെ റാഫ അതിര്‍ത്തി തുറക്കുന്നത് വൈകിപ്പിക്കുമെന്നും ഇസ്രയേല്‍ ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേ സമയം ഇന്നലെയും സഹായ ട്രക്കുകളെ ഇസ്രയേല്‍ ഗാസയിലേക്ക് കടത്തി വിട്ടു. കരീം ഷാലോം അതിര്‍ത്തി വഴിയാണ് ട്രക്കുകളെ കടത്തി വിടുന്നത്. ഗാസയിലേക്കുള്ള പ്രതിദിന സഹായ ട്രക്കുകളുടെ എണ്ണം 600 ല്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

28 ബന്ദികളാണ് ഹമാസിന്റെ തടവിലിരിക്കെ കൊല്ലപ്പെട്ടത്. ഇതില്‍ നാല് പേരുടെ മൃതദേഹം തിങ്കളാഴ്ചയും മറ്റ് നാല് മൃതദേഹങ്ങള്‍ ബുധനാഴ്ചയും വിട്ടുനല്‍കി. ഇന്നലെ ലഭിച്ച ഒരു മൃതദേഹം ഒഴികെ മറ്റ് ഏഴ് മൃതദേഹങ്ങളും ഫോറന്‍സിക് പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.

ബന്ദികളില്‍ ചിലരുടെ മൃതദേഹം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹമാസ് തന്നെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്ന സമാധാന കരാര്‍ പ്രകാരം 360 പാലസ്തീനികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ ഇസ്രയേലും ധാരണയായിരുന്നു. ഇതില്‍ 90 പേരുടെ മൃതദേഹങ്ങള്‍ കൈമാറിക്കഴിഞ്ഞു.

അതിനിടെ സമാധാന പദ്ധതി പ്രകാരം ഹമാസ് ആയുധം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചാല്‍ അക്രമാസക്തമായ മാര്‍ഗത്തിലൂടെയാണെങ്കില്‍ പോലും അത് സാധ്യമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രയേല്‍ സൈന്യം പിന്‍മാറിയ ഗാസയിലെ പ്രദേശങ്ങളില്‍ ഹമാസ് ശക്തി പ്രാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.

പ്രാദേശിക സായുധ സേനകളുമായി ഏറ്റുമുട്ടല്‍ തുടങ്ങിയ ഹമാസ്, ഇസ്രയേല്‍ അനുഭാവികളെന്ന് ആരോപിച്ച് രണ്ട് പ്രാവശ്യമായി 12 പേരെ പരസ്യമായി വെടിവച്ചു കൊന്നിരുന്നു. ഹമാസ് ആയുധം ഉപേക്ഷില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.