കൊച്ചി: തൃപ്പൂണിത്തുറയില്‍ എഴുപത് വയസുകാരനായ അച്ഛനെ ഉപേക്ഷിച്ച് മകന്‍ വാടക വീട്ടില്‍ നിന്ന് കടന്നു കളഞ്ഞു. സംഭവത്തില്‍ മകനെതിരേ പൊലീസ് കേസെടുത്തു. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
ഏരൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവുമാണ് അച്ഛന്‍ ഷണ്‍മുഖനെ ഉപേക്ഷിച്ച് മൂന്ന് ദിവസം മുമ്പ് നാട് വിട്ടത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.
വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികയെത്തുമ്പോള്‍ ഉപേക്ഷിച്ച അച്ഛനെ ഏറ്റെടുക്കാമെന്നുമാണ് മകന്‍ അജിത്ത് പോലീസിനോട് വ്യക്തമാക്കിയത്. ഡ്രൈവറായി ജോലി ചെയ്യുന്ന അജിത്തും ഭാര്യയും കുട്ടിയും പിതാവ് ഷണ്‍മുഖനുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
അജിത്ത് കിടപ്പ് രോഗിയായ അച്ഛനെ നോക്കുന്നില്ലായെന്ന് വ്യക്തമാക്കി നേരത്തെ അജിത്തിന്റെ സഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നം കാരണമാണ് അച്ഛനെ നോക്കാന്‍ സാധിക്കാത്തതെന്നാണ് അജിത്ത് പൊലീസിനോട് വ്യക്തമാക്കിയത്. അജിത്തിന്റെ രണ്ട് സഹോദരിമാരെ ഇവരുടെ വീട്ടില്‍ കയറാനോ അച്ഛനെ കാണാനോ അനുവദിച്ചിരുന്നില്ലെന്നും സഹോദരി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
സഹോദരങ്ങളുമായുള്ള തര്‍ക്കത്തില്‍ മുമ്പ് പല തവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളതായി തൃപ്പൂണിത്തുറ പൊലീസ് പറഞ്ഞു. വീട്ടില്‍ ആരോ ഉണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് അച്ഛനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സ്വന്തമായി ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് വയോധികന്‍ ഉള്ളത്.
പത്ത് മാസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ തൃപ്പൂണിത്തുറയില്‍ വാടകയ്‌ക്കെത്തിയത്. അജിത്തും വീട്ടുടമയുമായി വാടക തര്‍ക്കം നിലനിന്നിരുന്നു. വാടക നല്‍കാതായപ്പോള്‍ അജിത്തിനോട് വീട് ഒഴിയാന്‍ പറഞ്ഞിരുന്നുവെന്നും പിന്നാലെ പോലീസില്‍ പരാതിയും നല്‍കിയിരുന്നതായും വീട്ടുടമ പറയുന്നു.
ഇതിന് പിന്നാലെയാണ് വീട്ടിലെ സാധനങ്ങളെല്ലാം മാറ്റി അച്ഛനെ വീട്ടില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. വീട് മാറിയിട്ടും വീട് മാറുന്നതിനായി രണ്ട് ദിവസത്തെ അവധികൂടി ഉടമയോട് ചോദിച്ചിരുന്നതായും വീട്ടുടമ പറഞ്ഞു.
പിതാവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലിയേറ്റീവ് കെയര്‍ അംഗങ്ങളെ വിവരമറിയിക്കുകയും അവരെത്തി അവശനിലയിലായിരുന്ന ഷണ്‍മുഖനെ പരിപാലിക്കുകയും ചെയ്തു. ഇതിന് ശേഷണാണ് ഇദേഹത്തെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.