'അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളും': നിര്‍ണായക പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

'അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളും': നിര്‍ണായക പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളുമെന്നും പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ജൂലൈ ഒന്നിനകം നടപ്പാക്കുമെന്നും അദേഹം പറഞ്ഞു.

ആദ്യ മൂന്ന് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഇന്ത്യ സഖ്യം ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും. എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും അദേഹം വോട്ടര്‍മാരോട് ആവശ്യപ്പെട്ടു.

'നിങ്ങളുടെ ഒരു വോട്ട് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ളതാണെന്ന ഓര്‍മ വേണം. ഒപ്പം അത് നിങ്ങളുടെ മുഴുവന്‍ കുടുംബത്തിന്റെയും അവസ്ഥയെ മാറ്റി മറിക്കാന്‍ കൂടിയുള്ളതാണ്. ഒരു വോട്ട് എന്നത് യുവജനങ്ങള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ലഭിക്കുന്ന ആദ്യ ജോലിക്ക് തുല്യമാണ്. പാവപ്പെട്ട സ്ത്രീകള്‍ക്ക് വര്‍ഷം ഒരു ലക്ഷം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലെത്താനുള്ള വഴി കൂടിയാണ് ഈ ഒരു വോട്ട്'- രാഹുല്‍ പറഞ്ഞു.

രാജ്യം അതിന്റെ പ്രശ്‌നങ്ങള്‍ക്കനുസരിച്ചാണ് വോട്ട് രേഖപ്പെടുത്തുകയെന്ന് കൂട്ടമായി പോളിങ് ബൂത്തിലെത്തി നിങ്ങള്‍ തെളിയിച്ചു കൊടുക്കണം. അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കപ്പെട്ടുകൂടായെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.

നാലാം ഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലെ 96 ലോക്‌സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 1,717 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 7.70 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ആന്ധ്രപ്രദേശിലെ ആകെയുള്ള 175 നിയമസഭ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പും ഇതോടൊപ്പം നടക്കും.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് (കനൗജ്), കേന്ദ്രമന്ത്രി ഗിരിരാജ് സിങ് (ബെഗുസാരായ്), തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര (കൃഷ്ണനഗര്‍), കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി (ബഹറാംപുര്‍), ആന്ധ്ര കോണ്‍ഗ്രസ് അധ്യക്ഷ വൈ.എസ് ശര്‍മിള (കഡപ്പ) തുടങ്ങിയവരാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. 543 അംഗ ലോക്‌സഭയില്‍ 283 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇതുവരെ നടന്നത്. മെയ് 20 നാണ് അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.