സിഡ്നി: ഓസ്ട്രേലിയൻ ശതകോടിശ്വരൻ ക്ലൈവ് പാമറുടെ സ്വപ്ന പദ്ധതി ടൈറ്റാനിക് രണ്ട് വരുന്നു. 2025 ആദ്യ പകുതിയോടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് പാമറുടെ തീരുമാനം.
ലോകത്തിന് ഇന്നും ഒരു വിസ്മയമാണ് ആഢംബരക്കപ്പലായ ടൈറ്റാനിക്. ഒരിക്കലും മുങ്ങില്ലെന്ന പ്രഖ്യാപനവുമായി എത്തി ആദ്യ യാത്രയില്‍ തന്നെ കപ്പൽ മഞ്ഞ് മലയിലിടിച്ച് തകര്‍ന്നു. ലോകത്തിന് ഇന്നും ടൈറ്റാനികിനോടുള്ള കൗതുകത്തിന് അവസാനമായിട്ടില്ല. അതുകൊണ്ടാണല്ലോ ആഴക്കടലിൽ മുങ്ങിക്കിടക്കുന്ന ഏറ്റവും വലിയ യാത്രാ ആവിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ഇത്രയും റിസ്‌കെടുത്ത് ആളുകൾ പോകുന്നത്. തകർന്ന് 111 വർഷങ്ങൾ പിന്നിട്ടപ്പോൾ ടൈറ്റാനിക് പോലെ മറ്റൊരു കപ്പൽ ഉണ്ടാക്കാനുള്ള സ്വപ്ന പദ്ധതിയിലാണ് ഓസ്‌ട്രേലിയൻ ബിസിനസുകാരനായ ക്ലൈവ് പാമർ.
1912ൽ അപകടം സംഭവിച്ച ടൈറ്റാനിക് കപ്പലിന്റെ അതേ പകർപ്പ് ആയിരിക്കും താൻ നിർമിക്കുന്ന രണ്ടാം ടൈറ്റാനിക്കുമെന്നും അദേഹം പറയുന്നു. സിഡ്നി ഒപേറ ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പാമർ തന്റെ പദ്ധതിയെക്കുറിച്ചു തുറന്നു പറഞ്ഞത്. എന്തുകൊണ്ട് ടൈറ്റാനിക് പോലെ വീണ്ടും ഒന്ന് കൂടിയെന്ന ചോദ്യത്തിന് വീട്ടിലിരുന്ന് തന്റെ പണം എണ്ണുന്നതിനേക്കാൾ തനിക്ക് രസകരമായി തോന്നുന്നത് ടൈറ്റാനിക് ആണെന്നായിരുന്നു അദേഹത്തിന്റെ മറുപടി. 2012ലാണ് അദേഹം ആദ്യമായി ടൈറ്റാനിക് രണ്ട് എന്ന പദ്ധതി പ്രഖ്യാപിച്ചത്. 2018 ൽ വീണ്ടും പദ്ധതിയുമായി മുന്നോട്ട് പോയെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് പദ്ധതികൾ മാറ്റിവയ്ക്കുകയായിരുന്നു.
കോവിഡ് കാലം അവസാനിക്കുകയും ക്രൂയിസ് കപ്പലുകൾ സജീവമാകുകയും ചെയ്തതോടെ വീണ്ടും തന്റെ സ്വപ്നം സഫലമാക്കാനുള്ള തയ്യാറെടുപ്പുമായി എത്തിയിരിക്കുകയാണ് പാമർ ചെയർമാൻ ആയ ബ്ലൂ സ്റ്റാർ ലൈൻ കമ്പനി. പുതിയ ടൈറ്റാനിക് നിർമാണത്തിനായി ബ്ലൂ സ്റ്റാർ പ്രൊപ്പോസലുകൾ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ കപ്പൽ നിർമാതാവിനെ തീരുമാനിച്ചു 2025 ആദ്യ പകുതിയോടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് തീരുമാനം.
കപ്പലിന് 269 മീറ്റർ നീളവും 32.2 മീറ്റർ വീതിയും ഉണ്ടായിരിക്കും. യഥാർത്ഥ കപ്പലിനേക്കാൾ അൽപം കൂടി വലുതായിരിക്കും. 2345 യാത്രക്കാരെ 835 കാബിനുകളുള്ള ഒമ്പത് ഡെക്കുകളിലായി ഉൾക്കൊള്ളും. ഇതിൽ പകുതിയോളം ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി നീക്കി വയ്ക്കും.
2013-ല്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പാമറിന്റെ ആസ്തിയായി കണക്കാക്കുന്നത് 4.2 ബില്യന്‍ ഡോളറാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.