ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമര്‍ശങ്ങള്‍ നീക്കി ദൂരദര്‍ശനും ആകാശവാണിയും.
'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണരീതി, മുസ്ലീങ്ങള്‍, കിരാതമായ നിയമങ്ങള്‍' തുടങ്ങിയ വാക്കുകളാണ് എഡിറ്റ് ചെയ്ത് നീക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും അനുവദിക്കുന്ന പ്രക്ഷേപണ സമയത്തിലേക്ക് നടത്തിയ പ്രസംഗങ്ങളിലാണ് നടപടി.
സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിലുണ്ടായിരുന്ന രണ്ട് വാക്കുകള്‍ നീക്കം ചെയ്യുകയും ഭരണത്തിന്റെ 'പാപ്പരത്തം' എന്ന പ്രയോഗത്തിന് പകരം പരാജയം എന്നാക്കി മാറ്റേണ്ടി വരികയും ചെയ്തു. ജി. ദേവരാജന്റെ പ്രസംഗത്തില്‍ നിന്ന് 'മുസ്ലീങ്ങള്‍' എന്ന വാക്കാന് ഒഴിവാക്കിയത്.
ഡല്‍ഹിയിലെ ദൂരദര്‍ശന്‍ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു യെച്ചൂരിയുടെ ടെലിവിഷന്‍ പ്രഭാഷണം. കൊല്‍ക്കത്തയില്‍ നിന്നാണ് ദേവരാജന്റെ അഭിമുഖം ചിത്രീകരിച്ചത്. പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളില്‍ നിന്ന് പരമാര്‍ശങ്ങള്‍ നീക്കിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രില്‍ മാസത്തില്‍ പുറത്തിറത്തിയ ഉത്തരവ് പ്രകാരം ദേശീയ പാര്‍ട്ടികളുടെയും സംസ്ഥാന പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്ക് ദൂരദര്‍ശനിലും ആകാശവാണിയിലും സംസാരിക്കാന്‍ അവസരം നല്‍കണം. ആറ് ദേശീയ പാര്‍ട്ടികളും 59 സംസ്ഥാന പാര്‍ട്ടികളുമാണ് ഇതിന് അര്‍ഹരെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് നടത്തിയ പ്രസംഗത്തില്‍ നിന്നാണ് പരാമര്‍ശങ്ങള്‍ നീക്കിയത്.
അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റ ചട്ടങ്ങള്‍ പ്രകാരമാണ് നടപടിയെന്നും ഇത്തരം നടപടികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും പ്രസാര്‍ ഭാരതി അധികൃതര്‍ വിശദീകരിച്ചു. മുഖ്യമന്ത്രിമാരുടെ പ്രസംഗങ്ങള്‍ പോലും ഇത്തരത്തില്‍ തിരുത്തിയിട്ടുള്ള അവസരങ്ങളുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
മറ്റ് രാജ്യങ്ങള്‍ക്കെതിരായ വിമര്‍ശനം, മതവിഭാഗങ്ങള്‍ക്കെതിരായ ആക്രമണം, കലാപാഹ്വാനം, കോടിയലക്ഷ്യമാവുന്ന പരാമര്‍ശങ്ങള്‍, രാഷ്ട്രപതിക്കും കോടതികള്‍ക്കുമെതിരായ വിമശനം, ഏതെങ്കിലും വ്യക്തികളെ പേരെടുത്ത് പറയുന്ന വിമര്‍ശനം, രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും എതിരായ പരാമര്‍ശങ്ങള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ തുടങ്ങിയവയൊന്നും അനുവദിക്കാനാവില്ലെന്നാണ് മാര്‍ഗനിര്‍ദേശങ്ങളെന്ന് ദൂരദര്‍ശന്‍ അധികൃതര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.