ഫ്രാന്‍സില്‍ സിനഗോഗിന് തീയിടാന്‍ ശ്രമിച്ച ആയുധധാരിയെ പോലീസ് വെടിവച്ചു കൊന്നു

 ഫ്രാന്‍സില്‍ സിനഗോഗിന് തീയിടാന്‍ ശ്രമിച്ച ആയുധധാരിയെ പോലീസ് വെടിവച്ചു കൊന്നു

പാരീസ്: ഫ്രാന്‍സിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ റോണിലെ ജൂത സിനഗോഗിന് തീയിടാന്‍ ശ്രമിച്ച ആയുധധാരിയെ ഫ്രഞ്ച് പോലീസ് കൊലപ്പെടുത്തി. ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനഗോഗ് തീയിടാന്‍ ശ്രമിച്ച വ്യക്തി പോലീസുകാര്‍ക്ക് നേരെ തിരിഞ്ഞപ്പോള്‍ അക്രമിയെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കത്തിയും ഇരുമ്പ് ദണ്ഡും അക്രമി കൈവശം വെച്ചിരുന്നു. ജൂത ദേവാലയത്തിനു നേരെ നടന്ന ആക്രമണത്തെ അപലപിച്ച റോണ്‍ മേയര്‍, ഇത് ജൂതര്‍ക്കു നേരെ മാത്രം നടന്ന ആക്രമണമായി കരുതാനാവില്ലെന്നും മുഴുവന്‍ നഗരവും ഈ ആക്രമണത്തിന്റെ ആഘാതത്തിലാണെന്നും വ്യക്തമാക്കി.

സിനഗോഗില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെത്തുടര്‍ന്ന് പരിസരവാസികള്‍ പോലീസിനെ വിളിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പ്രതിക്ക് നേരെ വെടിയുതിര്‍ത്തു.

സംഭവസ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ സിനഗോഗിനുള്ളിലെ തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും ജീവന് ഭീഷണിയില്ലെന്ന് മേയര്‍ പറഞ്ഞു. അതേസമയം സിനഗോഗിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേലിനെ ഹമാസ് ആക്രമിച്ചതു മുതല്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ യഹൂദവിരുദ്ധത വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആക്രമണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇസ്രയേലിനും യുഎസിനും ശേഷം ലോകത്തിലെ ഏറ്റവും വലിയ ജൂത സമൂഹമാണ് ഫ്രാന്‍സിലുള്ളത്. റോണിലെ ആരാധനാലയങ്ങള്‍ മുമ്പും ആക്രമണത്തിനിരയായിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പ് പള്ളിയില്‍ ശുശ്രൂഷ നടത്തുന്നതിനിടെ ഒരു വൈദികന് മാരകമായി കുത്തേറ്റിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.