സോളാര്‍ സമരം: ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലേക്ക് തിരുവഞ്ചൂര്‍ വിളിച്ചെന്ന് ബ്രിട്ടാസ്; ബ്രിട്ടാസാണ് തന്നെ വിളിച്ചതെന്ന് തിരുവഞ്ചൂര്‍... ആര് ആരെ ആദ്യം വിളിച്ചു?

സോളാര്‍ സമരം: ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലേക്ക് തിരുവഞ്ചൂര്‍ വിളിച്ചെന്ന് ബ്രിട്ടാസ്; ബ്രിട്ടാസാണ് തന്നെ വിളിച്ചതെന്ന് തിരുവഞ്ചൂര്‍... ആര് ആരെ ആദ്യം വിളിച്ചു?

കൊച്ചി: സെക്രട്ടറിയേറ്റ് വളഞ്ഞ് ഇടത് മുന്നണി നടത്തിയ സോളാര്‍ സമരം ഒത്തു തീര്‍പ്പാക്കാന്‍ മാധ്യമ പ്രവര്‍ത്തകനും കൈരളി ടി.വി എംഡിയുമായ ജോണ്‍ ബ്രിട്ടാസ് തന്നെ ഫോണില്‍ വിളിച്ചെന്ന മലയാള മനോരമ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സോളാര്‍ വീണ്ടും ആളിക്കത്തുന്നു.

സോളാര്‍ സമരം എങ്ങിനെയെങ്കിലും ഒത്തു തീര്‍പ്പാക്കണമെന്ന ബ്രിട്ടാസിന്റെ ആവശ്യം മാനിച്ച് താന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ വിളിച്ചുവെന്നും അദേഹം പറഞ്ഞതനുസരിച്ച് പിന്നീട് പി.കെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിക്കുകയും ചെയ്‌തെന്നാണ് സമകാലിക മലയാളം എന്ന പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തില്‍ ജോണ്‍ മുണ്ടക്കയം വ്യക്തമാക്കുന്നത്.

എന്നാല്‍ ഇത് നിക്ഷേധിച്ച് ജോണ്‍ ബ്രിട്ടാസ് ഇന്ന് രംഗത്ത് വന്നു. അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടേയില്ലന്നും അത് ജോണ്‍ മുണ്ടക്കയത്തിന്റെ ഭാവനാ സൃഷ്ടി മാത്രമാണെന്നുമാണ് ബ്രിട്ടാസിന്റെ വിശദീകരണം. അന്ന് ഇടത് സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ് ആണ് ചര്‍ച്ചകള്‍ക്ക് പോയത് എന്നും ബ്രിട്ടാസ് പറയുന്നു.

സമരം ഒത്തു തീര്‍ക്കേണ്ട സാഹചര്യം ഇടത് മുന്നണിക്ക് ഉണ്ടായിരുന്നില്ലെന്നും പ്രശ്‌ന പരിഹാരത്തിനായി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലേക്ക് വിളിച്ച് താനുമായി സംസാരിക്കുകയാണ് ഉണ്ടായതെന്നുമാണ് ഇക്കാര്യത്തില്‍ ബ്രിട്ടാസ് നല്‍കുന്ന വിശദീകരണം.

സമാനമായ വെളിപ്പെടുത്തലാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടത് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നാണ് ചെറിയാന്‍ ഫിലിപ്പ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

സമരം അവസാനിപ്പിക്കണമെന്ന് ഇരു മുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ വീട്ടില്‍ വച്ചാണ് ആദ്യ ചര്‍ച്ച നടന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

താന്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജോണ്‍ ബ്രിട്ടാസ് അതില്‍ പങ്കാളിയായതെന്നും സമരം ഒത്തു തീര്‍പ്പില്‍ എത്തിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് മാന്യമായ കരാറില്‍ എത്തണമെന്ന സദ്ദുദ്ദേശ്യപരമായ നിലപാട് താന്‍ സ്വീകരിച്ചതെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.

അതിനിടെ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്ത് വന്നു. അന്ന് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചതെന്നാണ് അദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലേക്ക് തിരുവഞ്ചൂരാണ് വിളിച്ചതെന്നാണ് ബ്രിട്ടാസ് പറയുന്നത്. എന്നാല്‍ ബ്രിട്ടാസ് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് തന്നെ വിളിക്കുകയായിരുന്നു എന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. എന്തായാലും ആര് ആരെയാണ് ആദ്യം വിളിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.