ജര്‍മന്‍ യുവതി ഷാനി ലൂക്ക് ഉള്‍പ്പെടെ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ ഗാസയില്‍ നിന്നും വീണ്ടെടുത്ത് ഇസ്രായേല്‍ സൈന്യം

ജര്‍മന്‍ യുവതി ഷാനി ലൂക്ക് ഉള്‍പ്പെടെ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ ഗാസയില്‍ നിന്നും വീണ്ടെടുത്ത് ഇസ്രായേല്‍ സൈന്യം

ഷാനി ലൂക്ക്‌ , അമിത് ബുസ്‌കില, ഇറ്റ്‌സാക്ക് ഗെലറെന്റര്‍

ടെല്‍ അവീവ്: കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തിനിടെ ബന്ദികളാക്കിയ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ സൈന്യം വീണ്ടെടുത്തു. ഗാസയില്‍ നിന്നാണ് ഇസ്രയേല്‍ സൈന്യം ബന്ദികളുടെ മൃതദേഹം കണ്ടെത്തിയത്. ജര്‍മ്മന്‍ പൗരയായ ടാറ്റൂ ആര്‍ട്ടിസ്റ്റ് ഷാനി ലൂക്കിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് കണ്ടെത്തിയിട്ടുള്ളത്.


ബന്ദികളാക്കിയവരോട് ഹമാസ് കാണിച്ച ക്രൂരതകള്‍ ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്തുന്നതായിരുന്നു ബന്ദിയാക്കിയ ഷാനി ലൂക്കിന്റെ ശരീരം ഭീകരര്‍ പ്രദര്‍ശിച്ച രീതി.

ആയുധധാരികള്‍ നിറഞ്ഞ പിക്കപ്പ് ട്രക്കിന്റെ പിന്നില്‍ അര്‍ധനഗ്‌നയായി, വളച്ചൊടിച്ച നിലയില്‍ കിടക്കുന്ന ലൂക്കിന്റെ മൃതദേഹവുമായി ഗാസയിലെ തെരുവുകളിലൂടെ പരേഡ് ചെയ്യുന്ന ഹമാസ് ഭീകരരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹമാസ് സംഘം യുവതിയുടെ പുറത്ത് കയറി ഇരിക്കുന്നതും യുവതിയുടെ ദേഹത്ത് തുപ്പുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

22 വയസുള്ള ടാറ്റൂ ആര്‍ട്ടിസ്റ്റ് ഷാനി തെക്കന്‍ ഇസ്രയേലില്‍ നടന്ന സംഗീതനിശയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു. ഗാസ അതിര്‍ത്തിക്കടുത്തുള്ള നോവ മ്യൂസിക് ഫെസ്റ്റിവലിനിടയില്‍ വെച്ച് ഹമാസ് ഷാനി ലൂക്കിനെ ബന്ദിയാക്കി പലസ്തീനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഗാസയില്‍ നിന്നും കണ്ടെത്തിയ മറ്റ് രണ്ട് മൃതദേഹങ്ങള്‍ 28 കാരിയായ അമിത് ബുസ്‌കില, 56 കാരനായ ഇറ്റ്‌സാക്ക് ഗെലറെന്റര്‍ എന്നിവരുടേതാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഷാനി ലൂക്കിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത ഹൃദയഭേദകമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു. ഇസ്രയേലില്‍ നിന്നും ബന്ദികളാക്കി കൊണ്ടു പോയി പാലസ്തീനില്‍ വച്ച് ഹമാസ് ഭീകരര്‍ കൊലപ്പെടുത്തിയ എല്ലാവരുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ അവരുടെ കുടുംബങ്ങളെ ഏല്‍പ്പിക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

ഒക്‌ടോബര്‍ ഏഴിന് 1,200-ഓളം പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്നാണ് ഇസ്രയേല്‍ ഗാസയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.