കിര്‍ഗിസ്താനില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുനേരെ ആള്‍ക്കൂട്ട ആക്രമണം; പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി ഇന്ത്യ

കിര്‍ഗിസ്താനില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുനേരെ ആള്‍ക്കൂട്ട ആക്രമണം; പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: കിര്‍ഗിസ്താന്റെ തലസ്ഥാന നഗരമായ ബിഷ്‌കെക്കില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെതുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യയും പാകിസ്താനും. ഇരു രാജ്യത്തെയും വിദ്യാര്‍ഥികളോട് വീട്ടില്‍ തന്നെ തുടരാനാണ് നിര്‍ദേശം. കഴിഞ്ഞദിവസം രാത്രി നടന്ന ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് എംബസികള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ഥികള്‍ക്കു ബന്ധപ്പെടാന്‍ എംബസികള്‍ അടിയന്തര ഹെല്‍പ്പ് ലൈനുകള്‍ ലഭ്യമാക്കി.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏകദേശം 14,500 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കിര്‍ഗിസ്താനിലുള്ളത്. പാകിസ്ഥാനില്‍നിന്നുള്ള 10,000 വിദ്യാര്‍ഥികളുമുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.

ബിഷ്‌കെക്കിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്ന് കിര്‍ഗിസ്താനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 'ഞങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്. പക്ഷേ തല്‍ക്കാലം വീടിനുള്ളില്‍ തുടരാനും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എംബസിയുമായി ബന്ധപ്പെടാനും വിദ്യാര്‍ഥികളോട് നിര്‍ദേശിക്കുന്നു' - ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

ബിഷ്‌കെക്കിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അവസ്ഥ നിരീക്ഷിക്കുകയാണെന്നും സ്ഥിതിഗതികള്‍ നിലവില്‍ ശാന്തമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എക്സില്‍ കുറിച്ചു.

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ താമസിക്കുന്ന ബിഷ്‌കെക്കിലെ സര്‍വകലാശാലകളുടെ ഏതാനും ഹോസ്റ്റലുകള്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടതായി പാകിസ്ഥാന്‍ എംബസി അറിയിച്ചു.

'ബിഷ്‌കെക്കിലെ മെഡിക്കല്‍ സര്‍വകലാശാലകളുടെ ഏതാനും ഹോസ്റ്റലുകളും അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ സ്വകാര്യ താമസസ്ഥലങ്ങളും ആക്രമിക്കപ്പെട്ടു. ഹോസ്റ്റലുകളില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് താമസിക്കുന്നത്' - പാകിസ്താന്‍ എംബസി അറിയിച്ചു.

പ്രാദേശിക റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ വിവരങ്ങളും പ്രകാരം കിര്‍ഗിസ്താന്‍ തലസ്ഥാനത്തെ ഏതാനും മെഡിക്കല്‍ സര്‍വകലാശാല ഹോസ്റ്റലുകളിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. മെയ് 13ന് പ്രാദേശിക വിദ്യാര്‍ഥികളും ഈജിപ്റ്റില്‍നിന്നുള്ള വിദ്യാര്‍ഥികളും തമ്മിലുള്ള വഴക്കിനെത്തുടര്‍ന്ന് അക്രമം നിയന്ത്രണാതീതമായതായി കിര്‍ഗിസ്താനിലെ പാകിസ്താന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ തര്‍ക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഇന്നലെ വിഷയം കൂടുതല്‍ വഷളായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.