ഇറാന്റെ ഇടക്കാല പ്രസിഡന്റായി മുഹമ്മദ് മൊക്‌ബെര്‍; പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് 50 ദിവസത്തിനകം

ഇറാന്റെ ഇടക്കാല പ്രസിഡന്റായി മുഹമ്മദ് മൊക്‌ബെര്‍; പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് 50 ദിവസത്തിനകം

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും അപ്രതീക്ഷിത മരണത്തിനു പിന്നാലെ ഇടക്കാല പ്രസിഡന്റായി മുഹമ്മദ് മൊക്‌ബെറിനെ (68) നിയമിച്ചു. നിലവില്‍ ഇദ്ദേഹം രാജ്യത്തിന്റെ വൈസ് പ്രസിഡന്റാണ്. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് 50 ദിവസത്തിനകം നടത്തും. ഇതിനായി മൂന്നംഗ കൗണ്‍സിലിനെ നയിക്കുന്നത് മൊക്‌ബെറാണ്.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടന അനുസരിച്ച്, ഒരു പ്രസിഡന്റ് അധികാരത്തിലിരിക്കെ മരിക്കുകയാണെങ്കില്‍, പ്രഥമ വൈസ് പ്രസിഡന്റ് അധികാരമേല്‍ക്കും. എന്നാല്‍, പരമോന്നത നേതാവില്‍ നിന്നുള്ള സ്ഥിരീകരണത്തിന് ശേഷമായിരിക്കും അധികാരം ഏല്‍ക്കുക. ആയത്തുള്ള അലി ഖമേനിയാണ്, ഇരട്ട രാഷ്ട്രീയ സംവിധാനമുള്ള ഇറാനിലെ പരമോന്നത നേതാവ്. പ്രധാന നയങ്ങളിള്‍ തീരുമാനമെടുക്കാനുള്ള അധികാരം വഹിക്കുന്നയാളാണ് പരമോന്നത നേതാവ്.

1955ല്‍ ജനിച്ച മൊക്‌ബെര്‍, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായി അടുപ്പമുള്ളയാളാണ്. റെയ്‌സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ 2021ലാണ് ആദ്യമായി വൈസ് പ്രസിഡന്റാകുന്നത്. ഇറാന്റെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ വളരെയധികം പ്രവൃത്തിപരിചയവും ഉണ്ട്.

ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ളതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയില്‍, 2010-ല്‍ മൊഖ്‌ബെറിനെ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം പട്ടികയില്‍ നിന്ന് ഒഴിവാക്കി.

ഒക്ടോബറില്‍ മോസ്‌കോ സന്ദര്‍ശിച്ച ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ സംഘത്തിന്റെ ഭാഗമായിരുന്നു മൊഖ്ബര്‍. റഷ്യന്‍ സൈന്യത്തിന് മിസൈലുകളും കൂടുതല്‍ ഡ്രോണുകളും നല്‍കാന്‍ സമ്മതിച്ചരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരമോന്നത നേതാവുമായി നേരിട്ട് ബന്ധിമുള്ള നിക്ഷേപ ഫണ്ടായ സെറ്റാഡിന്റെ തലവനും മൊഖ്‌ബെറായിരുന്നു.

ഖുസെസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, മാനേജിങ് ഡയറക്ടര്‍, ഡെസ്ഫുള്‍ ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍, ഖുസെസ്താന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങളും മൊക്‌ബെറിനുണ്ട്. ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ച്, പ്രസിഡന്റ് മരിച്ചാല്‍ പരമോന്നത നേതാവിന്റെ അനുമതിയോടെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാകാം. 2025 ലാണ് ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.