കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ബംഗാള്‍ ഘടകം; കടുത്ത നടപടിയുണ്ടാകുമെന്ന് ഹൈക്കമാന്റ്

 കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ബംഗാള്‍ ഘടകം; കടുത്ത നടപടിയുണ്ടാകുമെന്ന് ഹൈക്കമാന്റ്

ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി പശ്ചിമ ബംഗാള്‍ ഘടകത്തോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ നിലപാട് തുടരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിക്ക് പിന്തുണ പ്രഖ്യാപിച്ച അനുയായികള്‍ക്കാണ് ദേശീയ നേതൃത്വത്തിന്റെ താക്കീത്.

കഴിഞ്ഞ ദിവസം മമതക്കെതിരെ ആഞ്ഞടിച്ച അധീര്‍ രഞ്ജന്‍ ചൗധരിക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ താക്കീത് നല്‍കിയിരുന്നു. തൊട്ടു പിന്നാലെ കൊല്‍ക്കത്തയിലെ പാര്‍ട്ടി ഓഫീസിന് പുറത്തുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചിത്രങ്ങള്‍ അടങ്ങിയ ബാനറുകള്‍ പ്രവര്‍ത്തകര്‍ തന്നെ നശിപ്പിച്ചു.

ഇത്തരം നടപടികള്‍ ഒരിക്കലും വെച്ചു പൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞു. ഇത്തരം ഗുരുതരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പരസ്യമായ ധിക്കാരപരവും അച്ചടക്ക രാഹിത്യവുമുള്ള നടപടി കോണ്‍ഗ്രസ് അംഗീകരിക്കില്ല.

ഈ പ്രവൃത്തികളെക്കുറിച്ച് വസ്തുതാപരമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചുവെന്ന് വേണുഗോപാല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഖാര്‍ഗെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റാണെന്ന ബോര്‍ഡുകളും കൊല്‍ക്കത്തയിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.