റാഞ്ചിയില്‍ നാടോടി നര്‍ത്തകര്‍ക്കൊപ്പം ചുവടുവെച്ച് പ്രിയങ്ക; ഇന്ദിരാ ഗാന്ധിയെ ഓര്‍മിപ്പിക്കുന്നെന്ന് കമന്റുകള്‍

 റാഞ്ചിയില്‍ നാടോടി നര്‍ത്തകര്‍ക്കൊപ്പം ചുവടുവെച്ച് പ്രിയങ്ക; ഇന്ദിരാ ഗാന്ധിയെ ഓര്‍മിപ്പിക്കുന്നെന്ന് കമന്റുകള്‍

റാഞ്ചി: റാഞ്ചിയിലെ തെരുവില്‍ നാട്ടുകാര്‍ക്കൊപ്പം പരമ്പരാഗത നാടോടി നൃത്തത്തിന്റെ ചുവടുവെച്ച് പ്രിയങ്ക ഗാന്ധി. നൃത്തത്തിന്റെ വീഡിയോ പിന്നീട് പ്രിയങ്ക എക്‌സില്‍ പങ്കുവെച്ചു.

തന്റെ മുത്തശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിക്ക് ഗോത്ര സംസ്‌കാരത്തോടുണ്ടായിരുന്ന ആദരവ് സൂചിപ്പിച്ചുകൊണ്ടായിരുന്നു ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ നൃത്ത വീഡിയോ പ്രിയങ്ക പങ്കുവെച്ചത്.

പ്രകൃതിയെ ആരാധിക്കുകയും എതുവിധേനയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച സംസ്‌കാരമാണ് ഗോത്രവര്‍ഗ സംസ്‌കാരമെന്ന് മുത്തശി പറയാറുണ്ടെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു.

അതേസമയം പ്രിയങ്ക ഗാന്ധിയുടെ നൃത്തവും രൂപവും ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മപ്പെടുത്തുന്നു എന്നാണ് വീഡിയോക്ക് പിന്നാലെ വന്ന കമന്റുകള്‍. 1968-ലെ റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ നാടോടി നര്‍ത്തകര്‍ക്കൊപ്പം ചുവടു വെക്കുന്ന ഇന്ദിരാ ഗാന്ധിയുടെ ചിത്രവുമായി ഏറെ സാമ്യം ഇതിനുണ്ട് എന്നാണ് ചിലര്‍ പറയുന്നത്.

റാഞ്ചിയിലെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത ശേഷം 300 കിലോമീറ്റര്‍ അകലെയുള്ളയുള്ള ഗോഡ്ഡയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാനായി പ്രിയങ്ക പിന്നീട് യാത്ര തിരിച്ചു. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് റാലിയില്‍ പ്രിയങ്ക നടത്തിയത്.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങളുടെ ശാക്തീകരണത്തിന് നിര്‍ണായകമായ ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റം വരുത്താനും സംവരണം കുറയ്ക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ഗോത്ര വര്‍ഗത്തിന്റെയും ജാര്‍ഖണ്ഡിന്റെയും ശബ്ദമായിരുന്ന ഹേമന്ത് സോറനെ തിരഞ്ഞെടുപ്പിന് മുമ്പ് ജയിലില്‍ അടച്ചു.

മറുവശത്ത് ഭരണഘടന മാറ്റുന്നതിനേക്കുറിച്ച് ബിജെപി നേതാക്കള്‍ നിരന്തരം സംസാരിക്കുന്നു. ആദിവാസികളുടെയും ദളിതരുടെയും പിന്നാക്കക്കാരുടെയും അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരു കാരണവശാലും ഇത് സംഭവിക്കാന്‍ അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.