കല്‍ക്കരിയില്‍ മോഡി സര്‍ക്കാരിന്റെ അറിവോടെ അദാനിയുടെ വന്‍ തട്ടിപ്പ്; ഫിനാഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ആയുധമാക്കി രാഹുല്‍ ഗാന്ധി

കല്‍ക്കരിയില്‍ മോഡി സര്‍ക്കാരിന്റെ അറിവോടെ അദാനിയുടെ വന്‍ തട്ടിപ്പ്;  ഫിനാഷ്യല്‍ ടൈംസ്  റിപ്പോര്‍ട്ട് ആയുധമാക്കി രാഹുല്‍ ഗാന്ധി

അഴിമതി മൂടി വെക്കാന്‍ എത്ര ടെമ്പോയില്‍ പണം ലഭിച്ചുവെന്ന് മോഡി പറയണമെന്നും രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: അദാനിക്കെതിരെ ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തു വിട്ട റിപ്പോര്‍ട്ട് ആയുധമാക്കി ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഉയര്‍ന്ന നിലവാരത്തിലുള്ളതെന്ന് കാണിച്ച് ആദാനി കൂടിയ വിലക്ക് വിറ്റെന്ന റിപ്പോര്‍ട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിക്ക് തിരിച്ചടിയായത്.

ജൂണ്‍ നാലിന് ഇന്ത്യ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ അഴിമതികളെല്ലാം അന്വേഷിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഇന്തോനേഷ്യയിലെ ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി അദാനി തമിഴ്‌നാട്ടിലെ പൊതുമേഖല സ്ഥാപനത്തിന് ഉയര്‍ന്ന നിലവാരമുള്ളതെന്ന കാണിച്ച് മറിച്ച് വിറ്റുവെന്നാണ് വിദേശ മാധ്യമമായ ഫിനാഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതിലൂടെ അദാനിയുടെ കമ്പനി കൊള്ള ലാഭം ഉണ്ടാക്കി. ഇന്ത്യയില്‍ വര്‍ഷം തോറും രണ്ട് ദശലക്ഷം ആളുകള്‍ വായു മലിനീകരണം കൊണ്ടു മരിക്കുന്നുവെന്ന കണക്കും ചൂണ്ടിക്കാട്ടിയായിരുന്നു ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ഇതാണ് രാഹുല്‍ഗാന്ധി ബിജെപിക്കെതിരെ മുഖ്യമായും ഉന്നയിച്ചത്.

പുറത്ത് വന്നത് ബിജെപി സര്‍ക്കാരിന്റെ വലിയ തട്ടിപ്പെന്ന് രാഹുല്‍ ആരോപിച്ചു. യഥാര്‍ത്ഥ വിലയുടെ മൂന്നിരിട്ടി തുക ഈടാക്കി അദാനി ലാഭം കൊയ്തു. ഈ പണം സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് കൂടിയ വൈദ്യുതി ബില്ലായാണ് നഷ്ടമായെതന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഈ അഴിമതി അന്വേഷണ ഏജന്‍സികളില്‍ നിന്ന് മൂടി വെക്കാന്‍ എത്ര ടെമ്പോയില്‍ പണം ലഭിച്ചുവെന്ന് മോഡി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അദാനിയില്‍ നിന്ന് ടെമ്പോയില്‍ കോണ്‍ഗ്രസിന് പണം ലഭിച്ചുവെന്ന മോഡിയുടെ വിമര്‍ശനത്തെ പരിഹസിച്ച് കൂടിയായിരുന്നു രാഹുലിന്റെ ചോദ്യം.

പൊതു ജനങ്ങളില്‍ നിന്ന് കൊള്ളയടിച്ച പണത്തെ കുറിച്ച് ഇന്ത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അന്വേഷിക്കുമെന്നും അദേഹം വ്യക്തമാക്കി. പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വീണ്ടും അദാനി മോഡി ബന്ധം ചര്‍ച്ചയാക്കി തിരഞ്ഞടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.