തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതം അപ്രത്യക്ഷമായി; വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ മധ്യസ്ഥതയിൽ നടന്ന രണ്ടാം അത്ഭുതത്തിന് അംഗീകാരം നൽകി മാർപാപ്പ

തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതം അപ്രത്യക്ഷമായി; വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ മധ്യസ്ഥതയിൽ നടന്ന രണ്ടാം അത്ഭുതത്തിന് അംഗീകാരം നൽകി മാർപാപ്പ

വത്തിക്കാൻ സിറ്റി: വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ മധ്യസ്ഥതയിൽ നടന്ന രണ്ടാം അത്ഭുതത്തിന് അംഗീകാരം നൽകി ഫ്രാൻസിസ് മാർപാപ്പ. ഇതോടെ വാഴ്ത്തപ്പെട്ട കാർലോയെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. 2025 ൽ ആഗോള കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുന്ന അവസരത്തിൽ വാഴ്ത്തപ്പെട്ട കാർലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

സൈക്കിൾ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തോടടുത്ത കോസ്റ്റാറിക്കയിൽ നിന്നുള്ള വലേറിയ വാൽവെർഡെ എന്ന പെൺകുട്ടിയിൽ വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ മധ്യസ്ഥതയിൽ നടന്ന അത്ഭുതത്തിനാണ് മാർപാപ്പാ അംഗീകാരം നൽകിയത്. അപകട ശേഷം ഏത് നിമിഷവും കുട്ടി മരിക്കാമെന്ന് ഡോക്ടർമാർ വിധിയെഴുതുകയായിരുന്നു. തുടർന്ന് പ്രതീക്ഷ നഷ്ടപ്പെടാതെ വലേറിയയുടെ അമ്മ വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ ശവകുടീരത്തിങ്കൽ എത്തുകയും മകൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

‘അമ്മ കാർലോ അക്യൂട്ടിസിൻ്റെ പക്കലെത്തി മാധ്യസ്ഥ്യം യാചിച്ച നിമിഷം മുതൽ തന്നെ വലേറിയയിൽ മാറ്റങ്ങൾ വന്നു തുടങ്ങി. അവരുടെ തീർത്ഥാടനത്തിന് പത്ത് ദിവസത്തിന് ശേഷം വലേറിയയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതം പൂർണമായും അപ്രത്യക്ഷമായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇത് ഒരു വലിയ അത്ഭുതമായി മെഡിക്കൽ സംഘം വിലയിരുത്തി. ഏതു സമയവും മരണം സംഭവിക്കും എന്ന് ഡോക്ടർമാർ തറപ്പിച്ച് പറഞ്ഞ വലേറിയ അപകടം നടന്ന് രണ്ട് മാസത്തിന് ശേഷം 2022 സെപ്തംബർ രണ്ടിന് പൂർണ രോഗമുക്തയായി വാഴ്ത്തപ്പെട്ട കാർലോയുടെ ശവകുടീരത്തിൽ എത്തി.

1991 മെയ് മൂന്നിന് ലണ്ടനില്‍ ആണ് വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടീസ് ജനിച്ചത്. ആന്ദ്രേ അക്യൂട്ടീസ്, അന്റോണിയോ ദമ്പതികളുടെ ഏക മകനായിരുന്നു കാര്‍ലോ. ജനിച്ച് കുറച്ചു്നാളുകള്‍ക്ക് ശേഷം ആ കുടുംബം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറി. ഏഴാം വയസില്‍ ആദ്യ കുര്‍ബാന സ്വീകരിച്ച വാഴ്ത്തപ്പെട്ട കാര്‍ലോ ചെറു പ്രായത്തില്‍ തന്നെ ആഴമായ മരിയ ഭക്തി പ്രചരിപ്പിച്ചിരുന്നു. പരിശുദ്ധ അമ്മ സ്വന്തം അമ്മയെപ്പോലെ ആയിരുന്നു. ജപമാല ചൊല്ലാന്‍ പഠിച്ച അന്ന് മുതല്‍ എല്ലാ ദിവസവും അമ്മയോടുള്ള സ്നേഹത്തെപ്രതി ജപമാല ചൊല്ലുമായിരുന്നു.

ഒരിക്കല്‍പ്പോലും വിശുദ്ധ കുര്‍ബാന മുടക്കിയിരുന്നില്ല എന്നുമാത്രമല്ല, ഏറെനേരം സക്രാരിയുടെ മുന്നില്‍ ചിലവഴിക്കുകയും ചെയ്തിരുന്നു. എന്നും ജപമാല ചൊല്ലിയിരുന്ന വാഴ്ത്തപ്പെട്ട കാർലോ ദിവ്യകാരുണ്യത്തെ തന്റെ ജീവനെക്കാൾ അധികമായി സ്നേഹിച്ചിരുന്നു. “എല്ലായ്പ്പോഴും യേശുവിനോട് അടുത്തിരിക്കുക, അതാണ് എൻ്റെ ജീവിത പദ്ധതി,” എന്നാണ് ഏഴ് വയസുള്ളപ്പോൾ കാർലോ ഡയറിയിൽ കുറിച്ചത്.

പഠിക്കുന്ന കാലത്ത് തന്റെ സഹപാഠികളെ സഹായിക്കാന്‍ വാഴ്ത്തപ്പെട്ട കാര്‍ലോ തല്പരനായിരുന്നു. വര്‍ധിച്ചു വന്നിരുന്ന വിവാഹമോചനങ്ങളെക്കുറിച്ച് കാര്‍ലോ ഉത്കണ്ഠാകുലനായിരുന്നു. സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ വിവാഹമോചനം നേടുമ്പോള്‍ അവര്‍ക്ക് ആശ്വാസം കൊടുക്കാനും സമയം കണ്ടെത്തി. യാത്രചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന വാഴ്ത്തപ്പെട്ട കാര്‍ലോ ഏറ്റവുമധികം സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചത് തന്റെ മാതൃകകൂടിയായിരുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജന്മനാടായ അസീസി തന്നെയായിരുന്നു.

കാര്‍ലോ ഒരു നല്ല കമ്പ്യൂട്ടര്‍ പരിജ്ഞ്യാനി കൂടിയായിരുന്നു. ആധുനീക ലോകത്തെ സാങ്കേതിക വളർച്ചയെ അടുത്തറിഞ്ഞിരുന്ന വാഴ്ത്തപ്പെട്ട കാർലോ വെബ്സൈറ്റുകൾ രൂപകല്പന ചെയ്യാനും, വീഡീയോ ഗെയിമുകൾ കളിക്കാനും വീഡിയോ നിർമ്മിക്കാനും ചെറുപ്പം മുതലേ താല്പര്യം പുലർത്തിയിരുന്നു. ഈ താല്പര്യത്തോടൊപ്പം തന്നെ യേശുവിനോട് ഐക്യപ്പെട്ട് ജീവിക്കുവാനും അതീവ ശ്രദ്ധപുലർത്തിയതാണ്‌ അക്യൂട്ടിസിനെ വ്യത്യസ്തനാക്കിയത്..

വാഴ്ത്തപ്പെട്ട കാര്‍ലോയെ ശരിക്കും ഒരു അത്ഭുത ബാലന്‍ ആക്കിയത് ഈ കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ്. മറ്റുള്ള എല്ലാവരിലുംനിന്ന് വ്യത്യസ്തനായി ഈശോയോടുള്ള സ്നേഹത്തെപ്രതി കാര്‍ലോ സ്വന്തമായി രൂപപ്പെടുത്തിയ വെബ്‌സൈറ്റില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ രേഖപ്പെടുത്തി. ലോകമെമ്പാടും പല സ്ഥലങ്ങളിലായി സഭ അംഗീകരിച്ച, നടന്ന 136 അത്ഭുതങ്ങളാണ് വളരെ മനോഹരമായി കാര്‍ലോ ഈ പേജില്‍ കുറിച്ചിട്ടിരിക്കുന്നത്. www.miracolieucaristici.org എന്ന വെബ്സൈറ്റ് വഴി താന്‍ അറിഞ്ഞ ഈശോയെ മറ്റുള്ളവര്‍ക്ക് എത്തിക്കാനൂള്ള ചെറിയ ശ്രമം.

ഇന്ന് ലോകമെമ്പാടും അഞ്ച് ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് വീഥികളില്‍ കാര്‍ലോ രൂപപ്പെടുത്തിയ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം നടത്തപ്പെട്ടു കഴിഞ്ഞു. 2006 ഒക്ടോബര്‍ 12 ന് പതിനഞ്ചാം വയസ്സില്‍ ലുക്കിമിയ പിടിപ്പെട്ടതിനെത്തുടര്‍ന്ന് വാഴ്ത്തപ്പെട്ട കാര്‍ലോ മരണമടഞ്ഞു. മരണക്കിടക്കയിലായിരിക്കുമ്പോഴും തന്റെ സഹനങ്ങളെല്ലാം ദൈവത്തിനും തിരുസഭയ്ക്കും പരിശുദ്ധപിതാവിനും സമര്‍പ്പിക്കുന്നു എന്നാണ് ഈ കൊച്ചുവിശുദ്ധന്‍ പറഞ്ഞത്.

2020 ഫെബ്രുവരിയിൽ വാഴ്ത്തപ്പെട്ട അക്യൂട്ട്സിൻ്റെ മാധ്യസ്ഥ്യം കാരണമായ ഒരു അത്ഭുതം പാപ്പ ഔപചാരികമായി അംഗീകരിക്കുകയും അതേ വർഷം ഒക്ടോബറിൽ വാഴ്ത്തപ്പെട്ടവനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. 117,000 തീർത്ഥാടകരാണ്‌ വാഴ്ത്തപ്പെട്ടതിന് ശേഷമുള്ള ആദ്യ വർഷത്തിൽ തന്നെ വാഴ്ത്തപ്പെട്ട കാർലോയുടെ ശവകുടീരം സന്ദർശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.