പ്രഥമ കുട്ടികളുടെ ദിനം അവിസ്മരണീയ അനുഭവമായി; ഫ്രാന്‍സിസ് പാപ്പയ്‌ക്കൊപ്പം ആഘോഷമാക്കി 50,000-ലേറെ കുരുന്നുകള്‍

പ്രഥമ കുട്ടികളുടെ ദിനം അവിസ്മരണീയ അനുഭവമായി; ഫ്രാന്‍സിസ് പാപ്പയ്‌ക്കൊപ്പം ആഘോഷമാക്കി 50,000-ലേറെ കുരുന്നുകള്‍

വത്തിക്കാന്‍ സിറ്റി: നൂറിലധികം ലോക രാജ്യങ്ങളില്‍ നിന്നായി റോമിലെത്തിയത് 50,000-ലേറെ വരുന്ന കുട്ടിക്കൂട്ടം. അവര്‍ക്കു നടുവിലൊരു മുതിര്‍ന്ന കുട്ടിയായി മാറി ഫ്രാന്‍സിസ് പാപ്പ. മെയ് 25, 26 തീയതികളില്‍ നടന്ന, കത്തോലിക്ക സഭയിലെ പ്രഥമ ആഗോള ശിശുദിനം മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് കുട്ടികള്‍ക്ക് അവിസ്മരണീയ അനുഭവമായി.

റോമിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിലും വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലുമായിരുന്നു ആദ്യത്തെ ലോക ശിശുദിനാഘോഷത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടന്നത്.

ഒരമ്മയെന്ന നിലയില്‍ ആര്‍ദ്രതയോടെയും പ്രത്യാശയോടെയും സഭ കുട്ടികളെ സ്വാഗതം ചെയ്യുകയും അനുധാവനം ചെയ്യുകയുമാണെന്ന് മാര്‍പാപ്പ പറഞ്ഞു. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ സന്നിഹിതരായിരുന്ന 50.000 ത്തോളം വരുന്ന കുട്ടികളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇറ്റലി, സ്‌പെയിന്‍, എറിത്രിയ, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഉക്രെയ്ന്‍, ദക്ഷിണ സുഡാന്‍, ഹെയ്തി, ഗാസ തുടങ്ങിയ യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നും നിരവധി കുട്ടികള്‍ എത്തിയിരുന്നു.

ഇറ്റാലിയന്‍ പ്രഫഷണല്‍ ഫുട്ബോള്‍ താരങ്ങളും കുട്ടികളുമായി നടത്തിയ സൗഹൃദമത്സരം കുട്ടികളോടൊപ്പം പാപ്പയും വീക്ഷിച്ചു.



ത്രിത്വത്തിന്റെ തിരുനാളില്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുത്തു. പിതാവായ ദൈവം നമ്മുടെ സൃഷ്ടാവാണെന്നും അവിടുന്ന് നമ്മെ അഗാധമായി സ്നേഹിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ പാപ്പ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ ക്രിസ്തു നമ്മുടെ രക്ഷകനാണെന്ന് പറഞ്ഞു. ജീവിതയാത്രയില്‍ നമ്മെ അനുധാവനം ചെയ്യുന്നത് പരിശുദ്ധാത്മാവാണെന്ന് കുട്ടികളെക്കൊണ്ട് ആവര്‍ത്തിച്ചു പറയിപ്പിച്ചുകൊണ്ടാണ് ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാത്മാവിനെ പാപ്പ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയത്.

മനസാക്ഷിയുടെ സ്വരമായി നാം ചെയ്യേണ്ട നല്ല കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയും തെറ്റു ചെയ്യുമ്പോള്‍ ശകാരിക്കുകയും ചെയ്യുന്നത് പരിശുദ്ധാത്മാവാണെന്ന് പാപ്പ വിശദീകരിച്ചു. അമ്മയായ മറിത്തോട് പ്രാര്‍ത്ഥിക്കണമെന്നും രോഗികളായ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മുത്തശ്ശീമുത്തച്ഛന്‍മാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.



വര്‍ണാഭമായ തൊപ്പികള്‍ ധരിച്ചാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ കുരുന്നുകള്‍ എത്തിച്ചേര്‍ന്നത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയും മകളും ഉള്‍പ്പെട്ടിരുന്നു.

സാംസ്‌കാരിക കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍. അടുത്ത ലോക കുട്ടികളുടെ ദിനം 2026 സെപ്റ്റംബറില്‍ നടക്കുമെന്ന് ആഘോഷങ്ങളുടെ അവസാനം ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.