വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണം: വി.ഡി സതീശന്‍

വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണം: വി.ഡി സതീശന്‍

തിരുവനന്തപുരം: വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പിനിയുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും അതിനാല്‍ തന്നെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്നാല്‍ അവയെല്ലാം സത്യമാണെന്ന് കരുതേണ്ടി വരുമെന്നും സതീശന്‍ പറഞ്ഞു. ആരോപണത്തില്‍ പറയുന്ന തരത്തിലുള്ള ഒരു അക്കൗണ്ട് നിലവിലുണ്ടോയെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വിവാദ കമ്പനികളില്‍ നിന്നും എക്‌സാലോജിക്കിന്റേതെന്ന പേരില്‍ ആരോപിക്കപ്പെട്ട അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം. അത്തരത്തില്‍ ആ അക്കൗണ്ടിലേക്ക് പണമിടപാട് നടന്നിട്ടുണ്ടെങ്കില്‍ അത് ഗൗരവകരമായി കാണേണ്ട വിഷയമാണ്. അതേ സമയം ആരോപണം തെറ്റാണെങ്കില്‍ അത് ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇത്തരം ആരോപണങ്ങള്‍ പുറത്തുവരുന്ന സാഹചര്യങ്ങളില്‍ മൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണ് മുഖ്യമന്ത്രിയുടെ പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ അദേഹം മറുപടി പറഞ്ഞേ തീരു. നേരത്തെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നുള്ള കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും എത്തിയിട്ടില്ലെന്നും മാസപ്പടി കേസില്‍ അന്വേഷണം കൃത്യമായി നടന്നില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോണ്‍ ജോര്‍ജാണ് രംഗത്തെത്തിയത്. എക്‌സാലോജിക് കണ്‍സല്‍ട്ടിങ് മീഡിയ സിറ്റി എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്.

എസ്.എന്‍.സി ലാവ്ലിന്‍, പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് (പിഡബ്ല്യുസി) കമ്പനികളില്‍ നിന്ന് വന്‍ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്‌ഐഒയ്ക്കും കൈമാറിയിട്ടുണ്ടെന്നും ഷോണ്‍ വ്യക്തമാക്കിയിരുന്നു. ഈ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.