'ലൈംഗിക രോഗികള്‍ കൂടുന്നു; പ്രതിവര്‍ഷം മരിക്കുന്നത് 25 ലക്ഷത്തിലധികം പേര്‍': ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

 'ലൈംഗിക രോഗികള്‍ കൂടുന്നു; പ്രതിവര്‍ഷം മരിക്കുന്നത് 25 ലക്ഷത്തിലധികം പേര്‍': ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട്  ലോകാരോഗ്യ സംഘടന

'ആഗോള തലത്തില്‍ പ്രതിദിനം ഒരു ലക്ഷത്തോളം ആളുകളിലാണ് പുതിയതായി ലൈംഗിക രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്'!

'2022 ല്‍ എച്ച്ഐവി മൂലമുണ്ടായ 6,30,000 മരണങ്ങളില്‍ പതിമൂന്ന് ശതമാനം പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ്'!


ജനീവ: എച്ച്‌ഐവി, വൈറല്‍ ഹെപ്പറ്റൈറ്റിസ്, മറ്റ് ലൈംഗിക രോഗങ്ങള്‍ എന്നിവ ബാധിച്ച് ലോകത്ത് പ്രതിവര്‍ഷം 25 ലക്ഷത്തോളം പേര്‍ മരണപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ ലൈംഗിക രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്.

പ്രധാനമായും നാല് തരം ലൈംഗിക രോഗങ്ങളാണ് ഉള്ളത്. സിഫിലിസ്, ഗൊണോറിയ, ക്ലമൈഡിയ, ട്രൈക്കോമോണിയാസിസ് എന്നിവയാണവ. 2022 ല്‍ മാത്രം 11 ലക്ഷം സിഫിലിസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,30,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.  ആഗോള തലത്തില്‍ ഇപ്പോള്‍ ഈ രോഗികളുടെ എണ്ണം എണ്‍പത് ലക്ഷത്തിലധികമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഫിലിസ് രോഗം ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയുമെങ്കിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലും ആഫ്രിക്കയിലുമാണ് ഏറ്റവുമധികം സിഫിലിസ് രോഗികളുള്ളത്.

2030 ഓടെ ഈ മഹാമാരിയെ ചെറുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും എന്നാല്‍ അതിനായി രാജ്യങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസൂസ് പറഞ്ഞു.

സിഫിലിസിന് പുറമേ ഗൊണോറിയ, ക്ലമൈഡിയ, ട്രൈകോമോണിയാസിസ് തുടങ്ങിയ ലൈംഗിക രോഗങ്ങളിലും വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ആഗോള തലത്തില്‍ പ്രതിദിനം ഒരു ലക്ഷത്തോളം ആളുകളിലാണ് പുതിയതായി ലൈംഗിക രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ എച്ച്‌ഐവി കേസുകളില്‍ നേരിയ കുറവുണ്ട്. 2020 ല്‍ 15 ലക്ഷമായിരുന്നത് 2022 ആയപ്പോള്‍ 13 ലക്ഷമായി കുറഞ്ഞു. 2022 ല്‍ എച്ച്ഐവി മൂലമുണ്ടായ 6,30,000 മരണങ്ങളില്‍ പതിമൂന്ന് ശതമാനം പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ്.

പ്രാഥമിക പ്രതിരോധം, രോഗ നിര്‍ണയം, ചികിത്സ എന്നിവ ശക്തിപ്പെടുത്തണം. ഒന്നിലധികം രോഗ നിര്‍മാര്‍ജന പദ്ധതികള്‍ വികസിപ്പിക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി രോഗ-നിര്‍ദ്ദിഷ്ട പദ്ധതികള്‍ ആവിഷ്‌കരിക്കണം തുടങ്ങിയ ശുപാര്‍ശകളും ലാകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.