ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ അരുണാചല്‍ പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോര്‍ച്ചക്കും മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ ഭരണം. സിക്കിമില്‍ 32 സീറ്റും അരുണാചല്‍ പ്രദേശില്‍ 60 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
അരുണാചലില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരം. 19 സീറ്റുകളില്‍ മത്സരിച്ചെങ്കിലും അരുണാചല്‍ പ്രദേശില്‍ ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിനായില്ല.
സിക്കിമില്‍ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി മുഖ്യമന്ത്രി പ്രേം സിങിന്റെ പാര്‍ട്ടിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച സീറ്റുകള്‍ തൂത്തുവാരി. സംസ്ഥാനത്ത് ആകെയുള്ള 32 സീറ്റുകളില്‍ 31 സീറ്റുകളും നേടിയാണ് എസ്‌കെഎം തുടര്‍ ഭരണം നേടിയത്.
അഞ്ച് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം സിക്കിമില്‍ അവസാനിപ്പിച്ച് 2019 ലാണ് പ്രേം സിങ് തമാങ് ആദ്യമായി അധികാരത്തിലേറിയത്. അന്ന് എസ്.കെ.എമ്മിന് 17 സീറ്റുകളും പവന്‍ കുമാറിന്റെ പാര്‍ട്ടിയായ എസ്.ഡി.എഫിന് 15 സീറ്റുകളുമായിരുന്നു നേടാനായത്.
എന്നാല്‍ ഇത്തവണ എസ്.ഡി.എഫ് ഒരു സീറ്റിലൊതുങ്ങി. പവന്‍ കുമാര്‍ ചാംലിങ് അടക്കമുള്ളവര്‍ പരാജയപ്പെട്ടു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച പവന്‍ കുമാര്‍ രണ്ടിടത്തും തോറ്റു. പോക് ലോക് കമ്രാങ് മണ്ഡലത്തില്‍ 3063 വോട്ടുകള്‍ക്കും നാംചെയ്ബങ്് മണ്ഡലത്തില്‍ 1935 വോട്ടുകള്‍ക്കുമാണ് എസ്.കെ.എം സ്ഥാനാര്‍ഥികളോട് തോറ്റത്.
എസ്.ഡി.എഫ് നേതാവും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചൂങ് ബൂട്ടിയയും പരാജയപ്പെട്ടു. 4346 വോട്ടുകള്‍ക്കാണ് ബൈചൂങ് ബൂട്ടിയ എസ്.കെ.എം സ്ഥാനാര്‍ഥി റിക്ഷാല്‍ ഡോര്‍ജി ബൂട്ടിയയോട് തോറ്റത്.
തിരഞ്ഞെടുപ്പ് തുടങ്ങും മുന്‍പ് തന്നെ അരുണാചല്‍ പ്രദേശില്‍ എതിരില്ലാതെ പത്ത് സീറ്റുകളില്‍ ബിജെപി വിജയം നേടിയിരുന്നു. ഈ ആത്മവിശ്വാസവുമായാണ് ബിജെപി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെയുള്ളവരായിരുന്നു സംസ്ഥാനത്ത് നിന്ന് എതിരില്ലാതെ വിജയിച്ചത്. 2019 ല്‍ 41 സീറ്റില്‍ വിജയിച്ച ബിജെപി ഈ തെരഞ്ഞെടുപ്പില്‍ അതിലും മികച്ച വിജയമാണ് നേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.