ലാഹോര്‍: പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളില്‍ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി രാജ്യത്തെ കത്തോലിക്കാ വിശ്വാസി സമൂഹം. അടുത്തിടെ ഇസ്ലാമാബാദില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ സര്‍ഗോധ നഗരത്തിലെ മുജാഹിദ് കോളനിയില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വീടുകള്‍ക്ക് നേരെ അക്രമാസക്തരായ ജനക്കൂട്ടം ആക്രമണം നടത്തിയിരുന്നു. ജനക്കൂട്ടം ക്രിസ്ത്യാനികളുടെ വീടുകളും മതനിന്ദ ആരോപിച്ച് കത്തോലിക്കനായ നസീര്‍ മാസിഹിന്റെ ഷൂ ഫാക്ടറിയും തീയിട്ടു നശിപ്പിച്ചു.
സംഭവത്തിന് ശേഷം ഇസ്ലാമാബാദ്-റാവല്‍പിണ്ടി ആര്‍ച്ച് ബിഷപ്പ് ജോസഫ് അര്‍ഷാദിന്റെയും കത്തോലിക്കാ സെനറ്റര്‍ താഹിര്‍ ഖലീല്‍ സിന്ധുവിന്റെയും നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ പ്രതിനിധി സംഘം സര്‍ഗോധ ജില്ലാ പൊലീസ് ഓഫീസര്‍ അസദ് മാലിയെ കണ്ടു. പ്രാദേശിക ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകിച്ച് ഇരയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്നും അക്രമികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
എഴുപത്തിയാറുകാരനായ മാസിഹ് വര്‍ഷങ്ങളായി സൗദി അറേബ്യയില്‍ അധ്വാനിച്ച് നേടിയതില്‍ നിന്ന് സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് ഒരു ഷൂ ഫാക്ടറി ആരംഭിച്ച് നല്ല രീതിയില്‍ ബിസിനസ് നടത്തി വരികയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രദേശവാസിയായ അയൂബ് ഗോണ്ടല്‍ അദ്ദേഹത്തിന് നേരെ മതനിന്ദ ആരോപിച്ചത്. ഫാക്ടറിക്ക് മുന്നിലെ റോഡില്‍ മതഗ്രന്ഥത്തിന്റെ പേജുകള്‍ വലിച്ചെറിഞ്ഞതായി കിംവദന്തികള്‍ പരന്നതോടെ, അതേ പ്രദേശത്തുനിന്നും സമീപ ഗ്രാമങ്ങളില്‍ നിന്നുമുള്ള രണ്ടായിരത്തോളം ആളുകള്‍ മാസിഹിന്റെ വീടിനു മുന്നില്‍ തടിച്ചുകൂടി.
ജനക്കൂട്ടം ഇലക്ട്രിക് മീറ്ററുകളും ഔട്ട്‌ഡോര്‍ എയര്‍ കണ്ടീഷനിങ് യൂണിറ്റുകളും നശിപ്പിക്കുകയും ക്രൈസ്തവരുടെ വീടുകളും കടകളും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ഒടുവില്‍ അവരെ പുറത്തിറക്കി കല്ലെറിയുകയും വടികൊണ്ട് അടിക്കുകയും ചെയ്തു. ആക്രമണത്തില്‍ മാസിഹിന് ഗുരുതരമായി പരിക്കേറ്റു. വ്യാപകമായ പ്രതിഷേധത്തിനൊടുവില്‍ നൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം
പാകിസ്ഥാനിലെ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റും നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (എന്‍.സി.ജെ.പി) പ്രസിഡന്റുമായ ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ദിന്‍ രാജ്യത്തെ ക്രിസ്ത്യാനികളുടെ സുരക്ഷയെക്കുറിച്ചുള്ള തന്റെ ആശങ്ക പ്രസ്താവനയിലൂടെ പങ്കുവച്ചു.
പാകിസ്ഥാനില്‍ വിവാദമായ മതനിന്ദ നിയമങ്ങള്‍ കൊണ്ടുവന്നതു മുതല്‍, വ്യക്തിപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്രിസ്ത്യാനികള്‍ക്കെതിരെ മതനിന്ദാ കുറ്റങ്ങള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്.
പള്ളികള്‍ക്ക് നേരെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് പുറമേ, മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജറന്‍വാലയില്‍ 89 ക്രിസ്ത്യന്‍ വീടുകളും 24 പള്ളികളും കത്തിനശിച്ചിരുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1.5% ക്രിസ്ത്യാനികളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.