ബിജെപി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ളതാണ് സീ ന്യൂസ് ചാനല്‍.
ന്യൂഡല്‍ഹി: ജൂണ്‍ ഒന്നിന് പുറത്തു വിട്ട എക്‌സിറ്റ് പോളില്‍ നിന്ന് വ്യത്യസ്തമായി പുതിയ എ.ഐ എക്‌സിറ്റ് പോളുമായി സീ ന്യൂസ് ചാനല്‍.
ആദ്യ പ്രവചനത്തിലുള്ളതിനേക്കാള്‍ എന്‍ഡിഎക്ക് 78 സീറ്റ് വരെ കുറയുമെന്നാണ് ബിജെപി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ പുറത്തു വിട്ട രണ്ടാമത് എക്‌സിറ്റ് പോളില്‍ പറയുന്നത്. ഇന്ത്യ മുന്നണിക്ക് 43 സീറ്റ് വരെ കൂടുമെന്നും സീ ന്യൂസിന്റെ എ.ഐ പ്രവചനം വ്യക്തമാക്കുന്നു.
ജൂണ്‍ ഒന്നിലെ പ്രവചനത്തില്‍ എന്‍ഡിഎക്ക് 353 മുതല്‍ 383 സീറ്റ് വരെയാണ് പ്രവചിച്ചിരുന്നതെങ്കില്‍ രണ്ടാമത്തേതില്‍ 305 മുതല്‍ 315 വരെയായി കുറഞ്ഞു. ഇന്ത്യ മുന്നണിക്ക് നേരത്തെ പ്രവചിച്ചത് 152-182 സീറ്റായിരുന്നു. ഇത് 180-195 ആയി പുതിയ എക്‌സിറ്റ് പോളില്‍ വര്‍ധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പരമാവധി 52 സീറ്റുകള്‍ ലഭിക്കുമെന്നാണ് പുതിയ പ്രവചനത്തില്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ 04-12 ആയിരുന്നു പറഞ്ഞത്.
ശനിയാഴ്ചയാണ് ആദ്യ എക്‌സിറ്റ് പോള്‍ സീ ന്യൂസ് പുറത്തുവിട്ടത്. ഇന്നലെ എ.ഐ എക്‌സിറ്റ് പോളും പ്രസിദ്ധീകരിച്ചു. 10 കോടി ആളുകളില്‍ നിന്ന് ശേഖരിച്ച അഭിപ്രായങ്ങള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്താണ് രണ്ടാമത്തെ എക്‌സിറ്റ് പോള്‍ തയാറാക്കിയതെന്ന് ചാനല്‍ അവകാശപ്പെടുന്നു.
എ.ഐ എക്സിറ്റ് പോള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രവചനം. ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 22 മുതല്‍ 26 വരെ ഇന്ത്യ സഖ്യം വിജയിക്കും. ബിജെപി നയിക്കുന്ന എന്‍.ഡി.എ 52 മുതല്‍ 58 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. മറ്റ് പാര്‍ട്ടികള്‍ക്ക് 0-1 സീറ്റ് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.
2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.പിയില്‍ എന്‍ഡിഎക്ക് അടിത്തറ നഷ്ടപ്പെടുമെന്നാണ് ബി.ജെ.പി അനുകൂല ചാനലിന്റെ പ്രവചനം. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 64 സീറ്റ് നേടിയപ്പോള്‍ എസ്.പി 5 സീറ്റും കോണ്‍ഗ്രസിന് ഒരെണ്ണവും മാത്രമാണ് ലഭിച്ചത്. ബി.എസ്.പി പത്ത് സീറ്റുകള്‍ നേടിയിരുന്നു.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ആകെയുള്ള 7 ലോക്സഭാ സീറ്റില്‍ 3 മുതല്‍ 5 വരെ സീറ്റ് ഇന്ത്യ സഖ്യം വിജയിക്കുമെന്ന് എ.ഐ എക്സിറ്റ് പോള്‍ പറയുന്നു. കഴിഞ്ഞ തവണ ഏഴും തൂത്തുവാരിയ ബിജെപി ഇത്തവണ 2-4 സീറ്റില്‍ ഒതുങ്ങിയേക്കുമെന്നും ചാനല്‍ പറയുന്നു.
ബീഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ചാനല്‍ പ്രവചിക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളില്‍ 39 എണ്ണവും എന്‍ഡിഎ നേടിയിരുന്നു. എന്നാല്‍ സീ ന്യൂസിന്റെ എ.ഐ എക്സിറ്റ് പോള്‍ പ്രകാരം ബിഹാറില്‍ എന്‍ഡിഎക്ക് കനത്ത തിരിച്ചടിയാണ് പറയുന്നത്. എന്‍.ഡിഎക്കും ഇന്ത്യക്കും 15 മുതല്‍ 25 വരെ സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്.
മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിക്ക് വന്‍ നേട്ടമാണ് സീ ന്യൂസ് പ്രവചിക്കുന്നത്. എക്സിറ്റ് പോള്‍ പ്രകാരം മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 26-34 സീറ്റുകള്‍ എന്‍ഡിഎക്കും ഇന്ത്യക്ക് 15-21 സീറ്റുകളും നേടിയേക്കും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ എന്‍ഡിഎ സഖ്യം 48 ല്‍ 41 സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎക്ക് 5 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം ഒരു സീറ്റിലും മറെറാരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു.
ഹരിയാനയിലും രാജസ്ഥാനിലും ബിജെപിയുടെ സീറ്റ് കുറയാനാണ് സാധ്യതയെന്നും എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. ഹരിയാനയില്‍ ആകെയുള്ള പത്ത് സീറ്റുകളില്‍ എന്‍ഡിഎ 3-5 സീറ്റില്‍ ഒതുങ്ങും. അതേസമയം ഇന്ത്യ മുന്നണി 5-7 സീറ്റുകള്‍ നേടും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച രാജസ്ഥാനില്‍ സീ ന്യൂസ് എ.ഐ എക്സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ 15-19 സീറ്റുകളും ഇന്ത്യ സഖ്യം 6-10 സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.
പശ്ചിമ ബംഗാളില്‍ എന്‍ഡിഎക്ക് 20-24 സീറ്റുകളും തൃണമൂലിന് 16-22 സീറ്റുകളും പ്രവചിക്കുന്നു. അതേസമയം ഇന്ത്യ സഖ്യത്തിന് 0-1 സീറ്റ് മാത്രമാണ് പറയുന്നത്. നോര്‍ത്ത് ഈസ്റ്റില്‍ എന്‍ഡിഎ 18-22 സീറ്റുകള്‍ നേടുമെന്നും ഇന്ത്യ മുന്നണി 2-4 സീറ്റുകള്‍ നേടുമെന്നും പ്രതീക്ഷിക്കുന്നു.
മറ്റ് പാര്‍ട്ടികള്‍ക്ക് 2-3 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപി കോട്ടയായ ഗുജറാത്തില്‍ എന്‍ഡിഎയ്ക്ക് 20-26 സീറ്റുകള്‍ ലഭിക്കുമെന്നും ഇന്ത്യ 2-4 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു.
ഇത്തവണ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് നിര്‍ണായക സീറ്റുകള്‍ ലഭിക്കുമെന്ന് സീ ന്യൂസ് പ്രവചിക്കുന്നു. എ.ഐ എക്സിറ്റ് പോള്‍ പ്രകാരം തമിഴ്നാട്ടില്‍ എന്‍ഡിഎക്ക് 10-12 ഉം ഇന്ത്യക്ക് 21-27 ഉം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെലങ്കാനയില്‍ എന്‍ഡിഎക്ക് 04-06 സീറ്റുകളും ഇന്ത്യ മുന്നണിക്ക് ക്ക് 10-14 സീറ്റുകളും ലഭിച്ചേക്കും. കര്‍ണാടകയില്‍ എന്‍ഡിഎ 10-14 സീറ്റുകളും ഇന്ത്യ സഖ്യം 12-20 സീറ്റുകളും നേടിയേക്കും.
എന്‍ഡിഎ സഖ്യത്തിന് 78 സീറ്റുകള്‍ കുറയുമെന്ന് പറയുമ്പോഴും കേരളത്തില്‍ എന്‍ഡിഎക്ക് ആറ് സീറ്റാണ് സീ ന്യൂസ് പ്രവചിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.