തൃശൂർ: തൃശൂരിലെ കോൺഗ്രസിലെ കൂട്ടത്തല്ലിൽ നടപടിക്കൊരുങ്ങി കേന്ദ്രനേതൃത്വം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനോട് രാജിക്കത്ത് സമർപ്പിക്കാൻ കെപിസിസി നിർദേശം നൽകി. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് കെ.പി.സി.സിയുടെ നിർദേശം. പാലക്കാട് എം.പി വി. കെ ശ്രീകണ്ഠന് ഡിസിസിയുടെ പകരം ചുമതല നൽകുമെന്നും റിപ്പോർട്ടുണ്ട്.
യുഡിഎഫ് ജില്ലാ ചെയർമാൻ എം.വിൻസെന്റിനോടും രാജിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് തൃശൂരിലെത്തുന്നുണ്ട്. അധ്യക്ഷൻ തന്നെ നടപടി വിവരങ്ങൾ ഡിസിസിയെ അറിയിക്കുമെന്നാണ് സൂചന.
ചർച്ചക്കായി ഇന്നലെ ഡൽഹിയിലെത്തിയ ജോസ് വള്ളൂർ , വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകപക്ഷീയമായി തനിക്കെതിരെ മാത്രം നടപടി എടുക്കരുതെന്നും ജോസ് വള്ളൂർ ആവശ്യപ്പെട്ടു. സംഘർഷത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളുമായാണ് ജോസ് വള്ളൂർ ഡൽഹിയിലെത്തിയത്.
ഡിസിസി ഓഫിസിൽ വെള്ളിയാഴ്ചയുണ്ടായ കൂട്ടത്തല്ലിൽ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. മർദനമേറ്റ് തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ കെ. മുരളീധരന്‍റെ അനുയായി ഡിസിസി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ നൽകിയ പരാതിയിൽ അന്യായമായി സംഘം ചേരൽ, മർദനം തുടങ്ങി ജാമ്യം ലഭിക്കുന്ന വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
തന്നെ ഡിസിസി ഓഫിസിൽവെച്ച് യൂത്ത് കോൺഗ്രസുകാർ മർദിച്ചുവെന്ന് പറഞ്ഞ് സജീവൻ കുരിയച്ചിറ ഓഫിസിൽ പ്രതിഷേധിച്ചിരുന്നു. കെ. മുരളീധരന്‍റെ തിരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ഡിസിസിക്ക് മുന്നിലും മറ്റും പോസ്റ്ററുകൾ പതിച്ചത് താനാണെന്ന് പറഞ്ഞ് ജോസ് വള്ളൂർ അനുകൂലികൾ ആക്രമിച്ചെന്നായിരുന്നു സജീവന്‍റെ ആരോപണം.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫിസിൽ ഉണ്ടായിരുന്നവരും തമ്മിൽ കൈയാങ്കളിയായി. സംഘർഷത്തിന് പിന്നാലെ ഓഫിസ് സന്ദർശിച്ച മുൻ എംഎൽഎ പി.എ മാധവൻ അനുനയിപ്പിച്ചാണ് ഓഫിസിൽ കുത്തിയിരുന്ന സജീവനെ ആശുപത്രിയിലേക്ക് മാറ്റിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.