'ഓസ്ട്രേലിയയില്‍ ലിംഗമാറ്റ ക്ലിനിക്കുകളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം പത്തിരട്ടിയായി വര്‍ധിച്ചു'; സ്വവര്‍ഗാനുരാഗ പ്രചാരണത്തിനെതിരേ ബോധവല്‍കരണവുമായി സീന്യൂസ് സെമിനാര്‍

'ഓസ്ട്രേലിയയില്‍ ലിംഗമാറ്റ ക്ലിനിക്കുകളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം പത്തിരട്ടിയായി വര്‍ധിച്ചു'; സ്വവര്‍ഗാനുരാഗ പ്രചാരണത്തിനെതിരേ ബോധവല്‍കരണവുമായി സീന്യൂസ് സെമിനാര്‍

സീന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തില്‍ പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ പാരിഷ് ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ ജെയിംസ് പാര്‍ക്കര്‍ സംസാരിക്കുന്നു

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ സെയിം സെക്‌സ് മാര്യേജ് ആക്ട് നിലവില്‍ വന്നതിനു ശേഷം ലിംഗമാറ്റ ശസ്ത്രക്രിയക്കായി ക്ലിനിക്കുകളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം പത്തുമടങ്ങ് വര്‍ധിച്ചതായി ട്രൂ ഐഡന്റിറ്റി ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ജെയിംസ് പാര്‍ക്കര്‍.

സീന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തില്‍ പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ പാരിഷ് ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറയെ ക്രിസ്തീയ മാര്‍ഗത്തില്‍ വളര്‍ത്തുന്നതിനുള്ള വെല്ലുവിളികള്‍ (ചലഞ്ചസ് ഓഫ് ക്രിസ്റ്റ്യന്‍ പേരന്റിങ് ഇന്‍ ചെയ്ഞ്ചിങ് ഓസ്‌ട്രേലിയന്‍ കള്‍ച്ചര്‍) എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സെമിനാര്‍.

ഒരിക്കല്‍ സ്വവര്‍ഗാനുരാഗിയായി ജീവിച്ച തന്റെ ഭൂതകാലം ഓര്‍ത്തെടുത്തുകൊണ്ടാണ് ജെയിംസ് പാര്‍ക്കര്‍ തന്റെ പ്രഭാഷണം ആരംഭിച്ചത്. കത്തോലിക്ക സഭയില്‍ നിന്നു ലഭിച്ച പ്രബോധനങ്ങളിലൂടെയും ചികിത്സയിലൂടെയുമാണ് പരിശുദ്ധാത്മാവിനെ സ്വീകരിച്ചതും തനിക്ക് പരിവര്‍ത്തനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.


പെര്‍ത്തില്‍ നടന്ന സീന്യൂസ് ലൈവ് സെമിനാറില്‍ പങ്കെടുക്കുന്നവര്‍

കുട്ടികളുടെ മനസിനെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളാണ് കലാലയങ്ങളിലെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ജെയിംസ് പാര്‍ക്കര്‍ പറഞ്ഞു. സ്‌കൂള്‍-പൊതു ലൈബ്രറികളില്‍ ഇവ കുട്ടികള്‍ക്ക് യഥേഷ്ടം ലഭ്യമാകുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. അങ്ങനെ നിശബ്ദമായും സൂക്ഷ്മമായും സ്വവര്‍ഗാനുരാഗ അജണ്ട വീട്ടിലേക്ക് എത്തുന്നു.

പൊതു ഇടങ്ങളിലെ ആഘോഷങ്ങള്‍ വര്‍ധിച്ചു

സ്വവര്‍ഗാനുരാഗികള്‍ക്കായി നിരവധി ആഘോഷങ്ങളാണ് ഓസ്‌ട്രേലിയയില്‍ സര്‍ക്കാര്‍ സഹായത്തോടെ സംഘടിക്കപ്പെടുന്നത്. ഒരു തലമുറയിലെ സ്‌കൂള്‍ മുറികളിലെ തത്വങ്ങളാണ് അടുത്ത തലമുറയില്‍ ഗവണ്‍മെന്റ് നിയമങ്ങളാകുന്നതെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ഉദ്ധരണിയും അദ്ദേഹം പങ്കുവെച്ചു.

നാളെ നിയമമാകാന്‍ വേണ്ടി ഇന്നേ തെറ്റായ കാര്യങ്ങള്‍ കുട്ടികളിലേക്ക് പകരുന്നതാണ് സ്‌കൂളുകളില്‍ ഉള്‍പ്പെടെ കാണുന്നത്. കുട്ടികളെ സ്വവര്‍ഗാനുരാഗ ആശയങ്ങളിലേക്ക് അല്‍പാല്‍പമായി മാറ്റിയെടുക്കാന്‍ ഓസ്‌ട്രേലിയന്‍ സ്‌കൂളുകളില്‍ അധ്യാപകരും ശ്രമിക്കുന്നുവെന്നത് ആശങ്കാജനകമാണ്. സ്‌കൂളുകളില്‍ 'ഡ്രാഗ് ക്വീന്‍ സ്‌റ്റോറി ഹവര്‍' എന്ന പരിപാടിയില്‍ അധ്യാപകര്‍ വിവിധ വേഷങ്ങളണിഞ്ഞ് പിഞ്ചുകുട്ടികളെ പോലും സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ജെയിംസ് പാര്‍ക്കര്‍ കുറ്റപ്പെടുത്തി. സ്വവര്‍ഗാനുരാഗത്തെ ആഘോഷിക്കാന്‍ ഡ്രാഗ് ക്വീന്‍ കുട്ടികളോട് ആഹ്വാനം ചെയ്യുന്നു.

ടെലിവിഷനിലൂടെയും എല്‍ജിബിടിക്യൂ പ്രചാരണം

നിക്കലോഡിയന്‍ എന്ന കുട്ടികളുടെ ചാനലും അവരുടെ പരിപാടികളിലൂടെ സ്വവര്‍ഗാനുരാഗ ആശയങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഓസ്‌ട്രേലിയന്‍ സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ലെസ്ബിയന്‍, ഗേ ആഘോഷങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ കലണ്ടറില്‍ അതിരുകവിഞ്ഞ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വവര്‍ഗാനുരാഗ പ്രവണതയില്‍ നിന്നു പിന്തിരിയാനുള്ള ചികിത്സയയ്ക്കും പ്രാര്‍ത്ഥനയ്ക്കും നമ്മുടെ പല സംസ്ഥാനങ്ങളും ടെറിട്ടറികളും നിരോധനം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നു. 2014 മുതല്‍ 2021 വരെ ഓസ്ട്രേലിയന്‍ ലിംഗമാറ്റ ക്ലിനിക്കുകളില്‍ എത്തിയ കുട്ടികളുടെ എണ്ണം പത്തിരട്ടി വര്‍ധിച്ച് 2,067 ആയി. ജനസംഖ്യയുടെ 0.17% എല്‍ജിബിടിക്യൂ സമൂഹമാണ്.


സീന്യൂസ് ലൈവ് സെമിനാറില്‍ ഓസ്‌ട്രേലിയന്‍ ക്രിസ്റ്റ്യന്‍ ലോബി (എ.സി.എല്‍) സംസ്ഥാന ഡയറക്ടര്‍ പീറ്റര്‍ ആബറ്റ്‌സ് ക്ലാസെടുക്കുന്നു

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ലിംഗ വ്യക്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കായി സേവനം തേടുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആരോഗ്യ പരിരക്ഷയും അനുബന്ധ പിന്തുണാ സേവനങ്ങളും ലഭ്യമാക്കണമെന്നും ജെയിംസ് പാര്‍ക്കര്‍ ആവശ്യപ്പെട്ടു.

ലിംഗമാറ്റം ആഗ്രഹിക്കുന്ന കുട്ടികളെ മാതാപിതാക്കള്‍ തടഞ്ഞാല്‍ അവര്‍ക്കെതിരേ കുട്ടികള്‍ക്ക് പരാതിപ്പെടാനും അവരില്‍ നിന്ന് വേര്‍പെടാനും സാധിക്കുന്ന നിയമം ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്‌ടോറിയയില്‍ നിലവിലുണ്ട്. ഈ നിയമത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്തു.



ഓസ്‌ട്രേലിയന്‍ ക്രിസ്റ്റ്യന്‍ ലോബി (എ.സി.എല്‍) സംസ്ഥാന ഡയറക്ടര്‍ പീറ്റര്‍ ആബറ്റ്‌സും ക്ലാസെടുത്തു. പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക വികാരി ഫാ. അനീഷ് ജെയിംസ് പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലി. സീന്യൂസ് ലൈവ് അഡൈ്വസറി എഡിറ്റര്‍ പ്രകാശ് ജോസഫ് സ്വാഗതം ആശംസിച്ചു. സീന്യൂസ് ലൈവ് ടെക്‌നിക്കല്‍ അഡൈ്വസറി അംഗം റൈസണ്‍ ജോസ് നന്ദി പറഞ്ഞു. ആല്‍വിന്‍ മാത്യൂ പരിപാടിയുടെ അവതാരകനായി. സെമിനാറിനെതുടര്‍ന്ന് നടന്ന ചോദ്യോത്തര വേള ജനോഷ് സെബാസ്റ്റ്യന്‍ നിയന്ത്രിച്ചു.



സീന്യൂസ് ലൈവ് നാഷണല്‍ കോര്‍ഡിനേറ്റര്‍ മാത്യൂ മത്തായി, നാഷണല്‍ സെക്രട്ടറി ജോളി രാജു, മനേഷ് ജെയിംസ്, ലൈസ മാത്യൂ, രാജു അലക്‌സാണ്ടര്‍, അനീഷ് ജോസ്, ബേബിച്ചന്‍, ജോജി ജോസഫ്, ജോയ് അറയ്ക്കല്‍, റോയിസ് ജോസഫ് പൊയ്കയില്‍ എന്നിവര്‍ സെമിനാറിനു നേതൃത്വം നല്‍കി.

ഫോട്ടോ: ബിജു പെര്‍ത്ത്




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.