അയര്‍ലന്‍ഡ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം സ്വന്തമാക്കി മലയാളികളായ അച്ഛനും മകനും; ഇരുവരും മത്സരിച്ചത് രണ്ടു മണ്ഡലങ്ങളില്‍ നിന്ന്

അയര്‍ലന്‍ഡ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം സ്വന്തമാക്കി മലയാളികളായ അച്ഛനും മകനും; ഇരുവരും മത്സരിച്ചത് രണ്ടു മണ്ഡലങ്ങളില്‍ നിന്ന്

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കി മലയാളികളായ പിതാവും മകനും. വെള്ളിയാഴ്ച നടന്ന കൗണ്ടി കൗണ്‍സില്‍ ഇലക്ഷന്റെ ഫലം പുറത്തുവന്നപ്പോഴാണ് അങ്കമാലി സ്വദേശികളായ പിതാവും മകനും ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. താല സൗത്ത് മണ്ഡലത്തില്‍ നിന്നും മത്സരിച്ച ബേബി പെരേപാടനെയും താല സെന്‍ട്രലില്‍ നിന്ന് മത്സരിച്ച മകന്‍ ഡോ. ബ്രിട്ടോ പെരേപാടനെയും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ തെരഞ്ഞടുപ്പുകളില്‍ ജയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് പിതാവും മകനും ഒരുപോലെ ഇലക്ഷനില്‍ മത്സരിച്ച് ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്.

ബേബി പെരേപാടന്‍ നിലവില്‍ താല സൗത്ത് കൗണ്‍സിലര്‍ ആണ്. ഇത് രണ്ടാം തവണയാണ് തുടര്‍ച്ചയായി അതേ മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. രാഷ്ട്രീയത്തില്‍ പുതുമുഖവും താല ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ഡോക്ടറുമായ മകന്‍ ബ്രിട്ടോയുടെ വിജയവും കുടുംബത്തിന് ഇരട്ടിമധുരമായി. ഇവര്‍ രണ്ടുപേരും ഭരണകക്ഷിയായ ഫൈന്‍ഗെല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായാണ് ജനവിധി തേടിയത്.

താല സൗത്തില്‍ നിന്നും ആകെ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു കൗണ്‍സിലര്‍മാരില്‍ രണ്ടാമനായി ബേബി പെരേപാടന്‍ വിജയക്കൊടി നാട്ടിയപ്പോള്‍, താല സെന്‍ട്രലില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആറ് പേരില്‍ മൂന്നാമനായാണ് മകന്‍ ബ്രിട്ടോ വിജയിച്ചത്. ആദ്യ റൗണ്ട് വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ തന്നെ ഇവര്‍ രണ്ടുപേരും വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നില്‍ എത്തിയിരുന്നു.

ഒരു ഡസനോളം മലയാളികള്‍ ഉള്‍പ്പെടെ ധാരാളം കുടിയേറ്റക്കാര്‍ മാറ്റുരച്ച കൗണ്ടി കൗണ്‍സില്‍ ഇലക്ഷനില്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള വികാരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങളും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ഈ പിതാവും മകനും വിജയിച്ചത്. ഇവരുടെ അഭിമാനാര്‍ഹമായ നേട്ടത്തില്‍ ഫൈന്‍ഗെല്‍ പാര്‍ട്ടി ലീഡറും അയര്‍ലന്‍ഡ് പ്രധാനമന്ത്രിയുമായ സൈമണ്‍ ഹാരിസ് നേരിട്ട് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.

അങ്കമാലി, പുളിയനം സ്വദേശിയായ ബേബി പെരേപ്പാടന്‍ ഇരുപതു വര്‍ഷത്തിലധികമായി താലായില്‍ താമസിക്കുന്നു. ഭാര്യ പീമൗണ്ട് ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്റ്റീഷണറായി ജോലി ചെയ്യുന്നു. മകള്‍ ബ്രോണ ട്രിനിറ്റി കോളജില്‍ ഡെന്റല്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.