ന്യൂഡല്‍ഹി: നീറ്റ് യുജി ക്രമക്കേട് വിവാദത്തില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീടെസ്റ്റ് നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ആലോചിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച നാലംഗ സമിതി റീടെസ്റ്റ് സാധ്യത പരിശോധിച്ചു.
യുപിഎസ്ഇ മുന്‍ ചെയര്‍മാന്‍ അധ്യക്ഷനായ നാലംഗസമിതിയാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്ക് പുനപരീക്ഷ നടത്താനുള്ള സാധ്യത പരിശോധിച്ചത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകതയുണ്ടായോ എന്ന കാര്യവും സമിതി അന്വേഷിക്കും. സമിതി ഇതുവരെ മൂന്ന് യോഗങ്ങള്‍ ചേര്‍ന്നുവെന്നും ചില സെന്ററുകളിലെ വീഡിയോ ഫൂട്ടേജുകള്‍ അടക്കം പരിശോധിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നീറ്റ് യുജി ക്രമക്കേട് വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ചെറിയ വിഷയമല്ലിത്. പരീക്ഷാ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മറുപടി പറഞ്ഞേ തീരൂവെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, അഹ്‌സാനുദ്ദിന്‍ അമാനുള്ള എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കിയിരുന്നു.
മധ്യവേനല്‍ അവധി കഴിഞ്ഞ് കോടതി തുറക്കുന്ന ജൂലൈ എട്ടിനകം മറുപടി സമര്‍പ്പിക്കണം. എട്ടിന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന് ഉള്‍പ്പെടെ നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടിരിക്കുകയാണ് കോടതി. ചോദ്യ പേപ്പര്‍ ചോര്‍ന്നതിനാല്‍ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.
പരീക്ഷാ ഫലം പ്രഖ്യാപിക്കും മുന്‍പ് തന്നെ ഹര്‍ജികളെത്തിയിരുന്നു. ഫലം പുറത്തു വന്നപ്പോള്‍ ഗ്രേസ് മാര്‍ക്ക് വിവാദവുമുയര്‍ന്നു. എംഎസ്എഫ് ഉള്‍പ്പെടെ ഹര്‍ജി സമര്‍പ്പിച്ചു. 1563 വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്കിലാണ് സംശയമുയര്‍ന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് ഹര്‍ജികളില്‍ ആരോപിക്കുന്നത്.
ഒഎംആര്‍ ഷീറ്റ് നല്‍കാന്‍ വൈകിയതിനാല്‍ ആറു സെന്റുകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് അധികൃതരുടെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.