ഓസ്‌ട്രേലിയയില്‍ ക്രൈസ്തവ വിശ്വാസത്തെ തകര്‍ക്കാന്‍ സര്‍ക്കാരുകള്‍ നിയമനിര്‍മാണങ്ങള്‍ നടത്തുന്നു; മതസ്വാതന്ത്ര്യം ഭീഷണിയിലെന്ന് സിഡ്നി ആര്‍ച്ച് ബിഷപ്

ഓസ്‌ട്രേലിയയില്‍ ക്രൈസ്തവ വിശ്വാസത്തെ തകര്‍ക്കാന്‍ സര്‍ക്കാരുകള്‍ നിയമനിര്‍മാണങ്ങള്‍ നടത്തുന്നു; മതസ്വാതന്ത്ര്യം ഭീഷണിയിലെന്ന് സിഡ്നി ആര്‍ച്ച് ബിഷപ്

സിഡ്നി: ഓസ്‌ട്രേലിയയിലെ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഇന്ന് ക്രൈസ്തവ വിരുദ്ധമായ നിയമങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സിഡ്നി ആര്‍ച്ച് ബിഷപ് ആന്റണി ഫിഷര്‍. കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ് നിയമനിര്‍മാണത്തിലൂടെ ക്രൈസ്തവ വിശ്വാസത്തെ തകര്‍ക്കാനായി നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഓസ്ട്രേലിയയിലെ ഫെഡറല്‍ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നടത്തിയ ഇത്തരം നിയമനിര്‍മാണങ്ങള്‍ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മതസ്വാതന്ത്ര്യത്തിന്റെ ശോഷണത്തെക്കുറിച്ച് ഏറെ ആശങ്കയോടെയാണ് സിഡ്നി ആര്‍ച്ച് ബിഷപ് മുന്നറിയിപ്പ് നല്‍കിയത്.

ഗര്‍ഭഛിദ്രം നിയമം മൂലം ക്രിമിനല്‍ നടപടിയല്ലാതാക്കിയതിനു പുറമെ ഇന്ന് അബോര്‍ഷന്‍ ക്ലിനിക്കുകളുടെ 150 മീറ്റര്‍ ചുറ്റളവില്‍ നിശബ്ദ പ്രാര്‍ത്ഥന നടത്തുന്നത് പോലും കുറ്റകരമാക്കിയിരിക്കുകയാണ്. ധാര്‍മിക കാരണങ്ങളാല്‍ ഭ്രൂണഹത്യ നടത്താന്‍ വിസമ്മതിക്കുന്ന ഡോക്ടര്‍മാര്‍ അവരെ അബോര്‍ഷന്‍ ദാതാക്കളുടെ അടുക്കലേക്ക് പറഞ്ഞു വിടണമെന്ന് വരെ ചില സംസ്ഥാനങ്ങളില്‍ നിയമം അനുശാസിക്കുന്നതായി ആര്‍ച്ച് ബിഷപ് പറഞ്ഞു.

ദയാവധം നിയമവിധേയമാക്കിയ സാഹചര്യത്തില്‍ കത്തോലിക്ക സ്ഥാപനങ്ങള്‍ നേരിട്ട് ദയാവധം നടത്തണമെന്ന് നിര്‍ബന്ധിക്കുന്നില്ലെങ്കിലും ഇത്തരത്തില്‍ ദയാവധം നടത്തുന്ന ടീമുകള്‍ക്ക് കത്തോലിക്കാ വയോജന പരിചരണ കേന്ദ്രങ്ങളില്‍ മാരക മരുന്നുകള്‍ കുത്തിവയ്ക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും നിയമം അനുശാസിക്കുന്നു.

സഭയുടെ മിഷനെ ഹനിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കാന്‍ബറയില്‍ കത്തോലിക്ക സമൂഹം നടത്തിയിരുന്ന കാല്‍വരി ആശുപത്രി നിര്‍ബന്ധപൂര്‍വം ഏറ്റെടുത്ത് നോര്‍ത്ത് കാന്‍ബറ ഹോസ്പിറ്റല്‍ എന്ന് പുനര്‍നാമകരണം ചെയ്ത് സര്‍ക്കാര്‍ ആശുപത്രി നടത്തുകയാണ്. ഒരു കത്തോലിക്കാ ആശുപത്രിയുടെ ഭൂമി, കെട്ടിടം, ജീവനക്കാര്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ തട്ടിയെടുക്കുന്നതാണ് കണ്ടതെന്ന് സിഡ്നി ആര്‍ച്ച് ബിഷപ് കുറ്റപ്പെടുത്തി.

സമാനമായ വിധത്തില്‍ കത്തോലിക്ക മൂല്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിനും ജീവനക്കാരെ നിയമിക്കുന്നതിനും കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന പുതിയ നിയമങ്ങള്‍ ഓസ്ട്രേലിയന്‍ നിയമ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. അഞ്ചില്‍ ഒരാള്‍ കത്തോലിക്കാ സ്‌കൂളില്‍ പഠിക്കുന്ന ഒരു രാജ്യത്താണ് ഇതെന്ന് ഓര്‍ക്കണമെന്നും പിതാവ് പറഞ്ഞു.

മനുഷ്യന്റെ അടിസ്ഥാന അന്തസ് ഹനിച്ചുകൊണ്ട് ചില മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പൂഴികൊണ്ട് ഭവനം പണിയുന്നത് പോലെയാണ്. നിയമങ്ങളും നയങ്ങളും രൂപീകരിച്ചുകൊണ്ട് എന്തൊക്കെ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചാലും സഭയും വിശ്വാസികളും തങ്ങളുടെ ദൗത്യത്തില്‍ ഉറച്ചു നില്‍ക്കണമെന്ന് ആര്‍ച്ച് ബിഷപ് ആഹ്വാനം ചെയ്തു.

മതസ്ഥാപനങ്ങളുടെ ചാരിറ്റബിള്‍ പദവി എടുത്തുകളയുന്നതുപോലുള്ള സമീപകാല ബ്യൂറോക്രാറ്റിക് ശുപാര്‍ശകളുടെ അപകടസാധ്യതകളെക്കുറിച്ചും സിഡ്‌നി ആര്‍ച്ച് ബിഷപ് മുന്നറിയിപ്പ് നല്‍കി. അത്തരമൊരു നീക്കം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ സേവനങ്ങള്‍ നല്‍കാനുള്ള സഭയുടെ കഴിവിനെ നശിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം, പ്രാര്‍ത്ഥനയിലും സേവനത്തിലും കൂദാശ ജീവിതത്തിലും നമ്മെത്തന്നെ അര്‍പ്പിക്കുകയും നമ്മുടെ കാലത്തെ വിശുദ്ധരായിരിക്കുകയും ചെയ്യുക എന്നതാണ്' - പിതാവ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.