അക്ഷരക്കൂട്ടം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു

അക്ഷരക്കൂട്ടം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു

ഷാര്‍ജ: സാങ്കേതിക വിദ്യ ഏറെ വികസിച്ച ഇക്കാലത്ത് പ്രവാസത്തിന്റെ സ്വഭാവത്തില്‍ വന്ന മാറ്റം സാഹിത്യത്തിലും പ്രതിഫലിക്കുന്നതായി കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കവി കെ. സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിന് ശേഷം സദസുമായും സച്ചിദാനന്ദന്‍ സംവദിച്ചു. കവി അനൂപ് ചന്ദ്രന്‍ മോഡറേറ്റര്‍ ആയിരുന്നു.

ആഘോഷ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ എം.സി നവാസ് ആമുഖപ്രസംഗം നടത്തിയ പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ റോയ് നെല്ലിക്കോട് സ്വാഗതമാശംസിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ ദിനേശന്‍ അധ്യക്ഷനായിരുന്നു. അക്ഷരക്കൂട്ടം അഡ്മിന്‍ ഷാജി ഹനീഫ് കൂട്ടായ്മയുടെ 25 വര്‍ഷത്തെ നാള്‍വഴികള്‍ വിവരിച്ചു. മറ്റൊരു അഡ്മിന്‍ ഇസ്മയില്‍ മേലടി ഈ വര്‍ഷം മുഴുവന്‍ നടക്കുന്ന സില്‍വര്‍ ജൂബിലി വിവിധ പരിപാടികള്‍ വിശദീകരിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.



അക്ഷരക്കൂട്ടം സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തിയ കവിതാ കഥാ ലേഖന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും സച്ചിദാനന്ദന്‍ നിര്‍വ്വഹിച്ചു. ആര്‍ടിസ്റ്റ് നിസാര്‍ ഇബ്രാഹിം രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും അടങ്ങുന്നതായിരുന്നു സമ്മാനം. സോമന്‍ കരിവള്ളൂര്‍ സ്മാരക കഥാ പുരസ്‌കാരം ഒന്നാം സമ്മാനം ലഭിച്ചത് അനൂപ് കുമ്പനാടിനായിരുന്നു. സുബിന്‍ സോമന്‍ രണ്ടാം സമ്മാനം നേടി. മത്സരത്തെപ്പറ്റി കോ-ഓര്‍ഡിനേറ്റര്‍ മനോജ് രാധാകൃഷ്ണന്‍ വിശദീകരിച്ചു. ഷിറാസ് വാടാനപ്പള്ളി സ്മാരക കവിതാ പുരസ്‌കാരം ഒന്നാം സമ്മാനം അക്ബര്‍ അണ്ടത്തോട് നേടിയപ്പോള്‍ രണ്ടാം സമ്മാനം അനീഷ പി നേടി. മത്സരത്തിന്റെ നാള്‍വഴികള്‍ കോ-ഓര്‍ഡിനേറ്റര്‍ കെ ഗോപിനാഥന്‍ വിശദീകരിച്ചു. വി.എം സതീഷ് സ്മാരക ലേഖന മത്സരത്തില്‍ ഒന്നാം സമ്മാനം ഡോ. ദീപേഷ് കരിമ്പുങ്കര നേടി. രണ്ടാം സമ്മാനം റീന സലീമിനായിരുന്നു. ലേഖന മത്സരം ഏകോപിപ്പിച്ച അബുല്ലൈസ് എടപ്പാള്‍ മത്സരത്തിന്റെ നാള്‍വഴികളെപ്പറ്റി സാംസാരിച്ചു.



പ്രശസ്ത ശില്‍പിയും സിനിമാ പ്രവര്‍ത്തകനുമായ ആര്‍ട്ടിസ്റ്റ് നിസാര്‍ ഇബ്രാഹിം, എമിറേറ്റ്‌സ് എയര്‍ലൈന്‍ ലൈബ്രറിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ കവി എം.ഒ രഘുനാഥ് എന്നിവരെ ചടങ്ങില്‍ അക്ഷരക്കൂട്ടം ആദരിച്ചു. കവി സച്ചിദാനന്ദന്‍ ഇവര്‍ക്ക് ഫലകം നല്‍കുകയും പൊന്നാട അണിയിക്കുകയും ചെയ്തു.

ഉഷ ഷിനോജ് അക്ഷരക്കൂട്ടം സീനിയര്‍ അംഗങ്ങളെപ്പറ്റിയും അഡ്മിന്‍ റോജിന്‍ പൈനുംമൂട് അക്ഷരക്കൂട്ടം സില്‍വര്‍ ജൂബിലി നോവല്‍ പുരസ്‌കാരത്തെപ്പറ്റിയും സംസാരിച്ചു. അക്ഷരക്കൂട്ടം അഡ്മിന്‍ പ്രീതി രഞ്ജിത്ത് നന്ദി പ്രകാശനം നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.