'രാമക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മ്മിക്കും': രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസ്

'രാമക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മ്മിക്കും': രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസ്

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ക്കെതിരെ കേസ്. യൂട്യൂബര്‍ അജീത് ഭാരതിക്കെതിരെയാണ് കേസ് എടുത്തത്.

അയോധ്യയിലെ രാമക്ഷേത്രത്തിന് പകരം ബാബറി മസ്ജിദ് സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പദ്ധതിയിട്ടുവെന്ന വിവാദ പരാമര്‍ശത്തിലാണ് കേസ്.

ബംഗളൂരു ഹൈഗ്രൗണ്ട്‌സ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 153 എ (മതം, വംശം, ജന്മസ്ഥലം, താമസ സ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), 505 (2) (ശത്രുത, വിദ്വേഷം പരത്തുന്ന പ്രസ്താവന നടത്തുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യൂട്യൂബര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കര്‍ണാടകയിലെ കോണ്‍ഗ്രസ് ലീഗല്‍ സെല്‍ സെക്രട്ടറി ബി.കെ ബൊപ്പണ്ണയാണ് ശനിയാഴ്ച അജീത് ഭാരതിക്കെതിരെ പരാതി നല്‍കിയത്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച വീഡിയോയില്‍ അജീത് ഭാരതി രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാര്‍മര്‍ശം നടത്തിയെന്നായിരുന്നു ബൊപണ്ണയുടെ ആരോപണം.

വിദ്വേഷ പ്രസംഗം നടത്തിയ അജീത് ഭാരതി ജനങ്ങള്‍ക്കിടയിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ബോപ്പണ്ണ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.