സമവായത്തിലൂടെ സ്പീക്കര്‍ പദവി നിലനിര്‍ത്താന്‍ ബിജെപി; ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ മത്സരത്തിനൊരുങ്ങി പ്രതിപക്ഷം

 സമവായത്തിലൂടെ സ്പീക്കര്‍ പദവി നിലനിര്‍ത്താന്‍ ബിജെപി; ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ മത്സരത്തിനൊരുങ്ങി പ്രതിപക്ഷം

കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ സമവായ ശ്രമം.

ന്യൂഡല്‍ഹി: സ്വന്തമായി ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ലോക്സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായശ്രമമാരംഭിച്ച് ബിജെപി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ് സമവായത്തിന്റെ ഭാഗമായി വിവിധ പാര്‍ട്ടികളുമായി കൂടിയാലോചന നടത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് ചേരുന്ന യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, അശ്വിനി വൈഷ്ണവ്, കിരണ്‍ റിജിജു, രാംമോഹന്‍ നായിഡു, ചിരാഗ് പാസ്വാന്‍, ലലന്‍ സിങ് എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.

സ്പീക്കര്‍ സ്ഥാനത്തേക്ക് എല്ലാ കക്ഷികള്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് ശ്രമം. സ്പീക്കര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കുന്നതിന് പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളോടും രാജ്നാഥ് സിങ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കാലങ്ങളോളം പിന്തുടര്‍ന്നു വന്ന കീഴ് വഴക്കമായ, ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നത് തുടരാമെന്ന ഉറപ്പു ലഭിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കുന്നതിനോട് യോജിക്കാമെന്നാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ നിലപാട്. അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തേക്കും ഇന്ത്യ മുന്നണി മത്സരിച്ചേക്കും.

സ്പീക്കര്‍ പദവിക്കായി രംഗത്തുള്ള ടിഡിപി ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്‍ഡിഎ കക്ഷികളില്‍ സമവായത്തോടെ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ടിഡിപി വക്താവ് നേരത്തെ പറഞ്ഞത്. അതേസമയം ബിജെപി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെഡിയു നേതാവ് കെ.സി ത്യാഗി അറിയിച്ചിട്ടുണ്ട്. ടിഡിപിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കി സ്പീക്കര്‍ പദവി സ്വന്തമാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ലോക്സഭയിലെ സ്പീക്കറായിരുന്ന ഓം ബിര്‍ലയെ സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി വീണ്ടും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആന്ധ്രയില്‍ നിന്നുള്ള ബിജെപി നേതാവ് ഡി. പുരന്ദരേശ്വരിയെയും ഒറീസയില്‍ നിന്നുള്ള ഭര്‍തൃഹരി മെഹ്താബിനേയും പരിഗണിക്കുന്നുണ്ട്. ഏഴ് തവണ ലോക്സഭാംഗമായിരുന്ന ഭര്‍തൃഹരി മെഹ്താബ് അടുത്തിടെയാണ് ബിജു ജനതാദള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.