മെൽബൺ: ഓസ്ട്രേലിയയിലെ ഫെഡറൽ എംപി ജോഷ് ബേൺസിന്റെ മെൽബണിലെ ഓഫീസിന് നേരെ ആക്രമണം. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെയും തുടർന്നുണ്ടായ ഇസ്രായേലുമായുള്ള യുദ്ധത്തെയുംകുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് ജൂതനും മക്‌നമാറയിലെ ലേബർ അംഗവുമായ ജോഷ് ബേൺസിന്റെ ഓഫിസിന് നേരെ ആക്രമണം അരങ്ങേറിയത്.
സെൻ്റ് കിൽഡ ഇലക്‌ട്രേറ്റ് ഓഫീസിൽ ബുധനാഴ്ച പുലർച്ചെ 3.20ഓടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം ആക്രമണം നടത്തിയത്.
ആക്രമികൾ ജനാലകൾ തകർക്കുകയും പെയിന്റുകൊണ്ട് മുദ്രാവാക്യങ്ങൾ എഴുതുകയും ഓഫീസിലേക്ക് ചുവന്ന പെയിൻ്റ് എറിയുകയും ചെയ്തതായി വിക്ടോറിയ പോലീസ് പറഞ്ഞു. ബേൺസിൻ്റെ മുഖമുള്ള ചിത്രത്തിന് മുകളിൽ "സയണിസം ഫാസിസമാണ്" എന്ന് ചുവന്ന പെയിൻ്റിൽ എഴുതുകയും ചെയ്തു.
കെട്ടിടത്തിൻ്റെ മുൻവശത്തെ ടെലികമ്മ്യൂണിക്കേഷൻ കുഴികളിൽ തീ ആളിപ്പടർന്നതിനെത്തുടർന്ന് മൂന്ന് അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി.
ഇത്തരം പ്രവൃത്തികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ബേൺസ് പറഞ്ഞു. ലോകത്തിൻ്റെ മറുവശത്തെ സംഘർഷം നമ്മുടെ തെരുവുകളിലേക്ക് കൊണ്ടു വരാൻ ശ്രമിക്കുന്ന ആളുകളുടെ അപകടകരമായ വർധനവ് ഉണ്ട്. ഇത് നിർത്തേണ്ടതുണ്ട്. കാരണം ഇത് അപകടകരമാണെന്നും ബേൺസ് പറഞ്ഞു. അത്തരം പ്രതിഷേധങ്ങൾക്ക് ഓസ്‌ട്രേലിയയിൽ സ്ഥാനമില്ലെന്നും മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ ഒന്നും ചെയ്യുന്നില്ലെന്നും ദുരിതം മാത്രമാണ് ഉണ്ടാക്കിയതെന്നും ബേൺസ് കൂട്ടിച്ചേർത്തു.
മെൽബണിൽ ഒറ്റരാത്രി കൊണ്ട് നടന്ന ആക്രമണത്തിന് ശേഷം പാർലമെൻ്റ് അംഗങ്ങളുടെ ഓഫീസുകൾ ലക്ഷ്യമിടുന്നത് നിർത്തണമെന്ന് പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് പറഞ്ഞു.
ഗാസയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന, ഫെഡറൽ എംപിമാരുടെ ഓഫീസുകൾ ലക്ഷ്യമിട്ടുള്ള നശീകരണ പ്രവർത്തനങ്ങളുടെ ഏറ്റവും പുതിയ സംഭവമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എംപിമാരുടെ ഓഫീസുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഫെഡറൽ ലേബർ എംപി കാറ്റി ഗല്ലഗെർ പറഞ്ഞു. അക്രമം ഈ രീതിയിൽ മുന്നോട്ടു പോയാൽ പല അപകടങ്ങളും സംഭവിക്കും. രാഷ്ട്രീയക്കാരുടെ ഓഫീസുകൾക്ക് നേരെയുള്ള ഇത്തരത്തിലുള്ള ആക്രമണങ്ങൾ രാജ്യത്തിന് ചേർന്നതല്ലെന്നും കാറ്റി ഗല്ലഗെർ പറഞ്ഞു.മെൽബൺ ആസ്ഥാനമായുള്ള പ്രതിപക്ഷ അംഗങ്ങളും ഗ്രീൻ പാർട്ടിയിലെ എംപിമാരും ആക്രമണത്തെ അപലപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.