പാലസ്തീന്‍ വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരേ ലേബര്‍ സെനറ്റര്‍ ഫാത്തിമ പേമാന്‍; വിയോജിപ്പുമായി യഹൂദ സംഘടനകള്‍

പാലസ്തീന്‍ വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരേ ലേബര്‍ സെനറ്റര്‍ ഫാത്തിമ പേമാന്‍; വിയോജിപ്പുമായി യഹൂദ സംഘടനകള്‍

കാന്‍ബറ: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടിനു വിരുദ്ധ നിലപാടുമായി ഭരണകക്ഷി സെനറ്ററായ ഫാത്തിമ പേമാന്‍ രംഗത്ത്. പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന ആവശ്യവുമായാണ് ലേബര്‍ പാര്‍ട്ടി അംഗമായ ഫാത്തിമ പേമാന്‍ രംഗത്തുവന്നിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ സെനറ്റിലെ ഹിജാബ് ധരിച്ച ആദ്യ വനിതയെന്ന നിലയില്‍ ഏറെ പ്രശസ്തയാണ് അഫ്ഗാന്‍ വംശജയായ ഫാത്തിമ പേമാന്‍.

അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയാണ് ഫാത്തിമ പേമാന്റെ അഭിപ്രായം റിപ്പോര്‍ട്ട് ചെയ്തത്. പാലസ്തീനെ സ്വതന്ത്ര രാജ്യമായി പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഓസ്ട്രേലിയ ചേരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

'പാലസ്തീന്‍ - ഇസ്രായേല്‍ വിഷയത്തില്‍ 'ദ്വിരാഷ്ട്ര പരിഹാരത്തെ' ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ പാലസ്തീനെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. അയര്‍ലന്‍ഡ്, സ്‌പെയിന്‍, നോര്‍വേ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ പാലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചതായി അവര്‍ വാദിച്ചു.

നേരത്തെ പാലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് രണ്ട് പാര്‍ലമെന്ററി വിദേശകാര്യ സമിതികളില്‍ നിന്ന് ഫാത്തിമ പേമാന്‍ രാജിവച്ചിരുന്നു.

അതേസമയം, ദ്വിരാഷ്ട്ര പരിഹാരത്തെ ഓസ്ട്രേലിയ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പാലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന കാര്യത്തില്‍ ഓസ്ട്രേലിയ തീരുമാനമെടുത്തിട്ടില്ലെന്ന്
വിദേശകാര്യ മന്ത്രി പെന്നി വോങ് മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ നിലപാടിന് എതിരെ രാജ്യത്തിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരമൊരു നീക്കം ധൃതിപിടിച്ച് കൈക്കൊള്ളേണ്ട ഒന്നല്ലെന്നാണ് ഓസ്‌ട്രേലിയിലെ പ്രതിപക്ഷത്തിന്റെ നിലപാട്. അതിനാല്‍ ഫാത്തിമ പേമാന്റെ നിലപാടിനും വേണ്ടത്ര പിന്തുണ ലഭിക്കാനിടയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അേതസമയം, സെനറ്റര്‍ പേമാന്റെ നിലപാടിനെതിരേ ശക്തമായ വിയോജിപ്പുമായി ഓസ്ട്രേലിയയിലെ ജൂത സമൂഹത്തെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ രംഗത്തുവന്നു.

'സെനറ്റര്‍ പേമാന്‍ തന്റെ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഓസ്ട്രേലിയയിലെ യഹൂദ സംഘടനയുടെ പ്രതിനിധിയായ അലക്‌സ് റിവ്ചിന്‍ പറഞ്ഞു. വംശഹത്യയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്നതായ വാക്കുകള്‍ ഇവിടെയുള്ള ഇസ്രയേല്‍ സമൂഹത്തെ അപകടത്തിലാക്കുന്നു. അവരുടെ ഓഫീസുകള്‍ അക്രമികള്‍ ലക്ഷ്യമിടുന്നു.

'ഈ യുദ്ധം എങ്ങനെ ആരംഭിച്ചുവെന്ന് ഫാത്തിമ പേമാന്‍ ചിന്തിക്കണം. ഇസ്രയേല്‍ ഉള്‍പ്പെടെ പിന്തുണച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ഹമാസ് നേതൃത്വത്തോട് സെനറ്റര്‍ പേമാന്‍ ആവശ്യപ്പെടുന്നത് നന്നായിരിക്കുമെന്നും അലക്‌സ് റിവ്ചിന്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.