രണ്ടാം ലോകമഹായുദ്ധ കാലത്ത് നിലച്ച പഠനം; 105-ാം വയസില്‍ സ്റ്റാന്‍ഫോഡില്‍ നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കി യു.എസ് വനിത

രണ്ടാം ലോകമഹായുദ്ധ കാലത്ത് നിലച്ച പഠനം; 105-ാം വയസില്‍ സ്റ്റാന്‍ഫോഡില്‍ നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കി യു.എസ് വനിത

വാഷിങ്ടണ്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് നിലച്ചുപോയ പഠനം 83 വര്‍ഷത്തിന് ശേഷം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദം സ്വീകരിച്ച അത്യപൂര്‍വ സംഭവത്തിനാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ പ്രശസ്തമായ സര്‍വകലാശാല സാക്ഷ്യം വഹിച്ചത്. 105-ാം വയസില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയാണ് വര്‍ജീനിയ ഹിസ്‌ലോപ്പ് വാര്‍ത്തകളില്‍ നിറയുന്നത്. സര്‍വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ കറുത്ത ഗൗണും തൊപ്പിയും ധരിച്ച് അഭിമാനത്തോടെ അവര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

വിര്‍ജീനിയ ഹിസ്‌ലോപ്പിന്റെ കലാലയ ജീവിതം ആരംഭിക്കുന്നത് 1936ലാണ്. 1940ല്‍ ഇവര്‍ ബിരുദം പൂര്‍ത്തിയാക്കി. ഉടന്‍ തന്നെ മാസ്റ്റേഴ്‌സ് പഠനം ആരംഭിച്ചെങ്കിലും രണ്ടാം ലോകമഹായുദ്ധം തടസമായി. വിര്‍ജീയയുടെ പ്രതിശ്രുത വരന്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമാകാന്‍ സേനയില്‍ ചേര്‍ന്നതോടെ വിര്‍ജീനിയക്കും ഒപ്പം പോകേണ്ടി വന്നു. അങ്ങനെ അവസാന തീസിസ് സമര്‍പ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അക്കാലത്ത് വിവാഹത്തിനും കുടുംബത്തിനും വേണ്ടി കരിയര്‍ ത്യജിക്കുന്നത് ത്യാഗമായാണ് കണക്കാക്കപ്പെട്ടിരുന്നത്.നീണ്ട 83 വര്‍ഷത്തിന് ശേഷമാണ് വിര്‍ജീനിയ തന്റെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവിന്റെ സൈനിക സേവനം പൂര്‍ത്തിയാകുന്നത് വരെ വിര്‍ജീനിയ കുടുംബ ജീവിതത്തിന് മുന്‍ഗണന നല്‍കി. 83 വര്‍ഷത്തേക്ക് അക്കാദമിക് അഭിലാഷങ്ങളെല്ലാം മാറ്റിവെച്ച് കുടുംബത്തിന് വേണ്ടി ജീവിച്ചു.

അതേസമയം, 83 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും അന്ന് എഴുതിയ തീസിസ് വിര്‍ജീനിയ നിധി പോലെ സൂക്ഷിച്ചിരുന്നു. ഇക്കാര്യം മനസിലാക്കിയ മരുമകന്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ടു. ഇതോടെയാണ് ബിരുദത്തിനുള്ള വഴി തുറന്നത്. തീസിസിനല്ല 83 വര്‍ഷത്തെ സമര്‍പ്പണത്തിനുള്ള അംഗീകാരമെന്ന് പറഞ്ഞാണ് സര്‍വകലശാല ബിരുദം സമ്മാനിച്ചത്. യുദ്ധാനന്തരം വാഷിങ്ടണിലേക്കു താമസം മാറ്റിയ വിര്‍ജിനിയ അധ്യാപനത്തിന്റെ പാത തെരഞ്ഞെടുത്തു. ഭര്‍ത്താവ് ജോര്‍ജ് ഫാമിലി ബിസിനസിന്റെ ഭാഗമാകുകയും ചെയ്തു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം സ്റ്റാന്‍ഫോര്‍ഡിലേക്ക് മടങ്ങിയെത്തിയ വിര്‍ജീനിയ തന്റെ 105-ാമത്തെ വയസില്‍ സ്റ്റാന്‍ഫോഡില്‍ നിന്ന് എം.എ പൂര്‍ത്തിയാക്കി. ഈ അപൂര്‍വ നേട്ടത്തില്‍ വിര്‍ജീനിയയുടെ കുടുംബവും സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലുളളവരും ആഹ്ലാദത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.