കാന്‍ബറ: ഓസ്‌ട്രേലിയയില്‍ ഇന്‍ഷുറന്‍സ് തുകയ്ക്കായി സ്വന്തം മരണം വ്യാജമായി ചിത്രീകരിച്ച പെര്‍ത്ത് സ്വദേശിനി പോലീസ് പിടിയിലായി. 7,00,000 ഡോളറിലധികം വരുന്ന ഇന്‍ഷറന്‍സ് തുക സ്വന്തമാക്കാനാണ് 42 കാരിയും ജിം ഉടമയുമായ കാരെന്‍ സാല്‍ക്കില്‍ഡ് താന്‍ മരിച്ചുവെന്ന തെറ്റായ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചത്.
കാരെന്‍ സാല്‍ക്കില്‍ഡിന്റെ പങ്കാളിയായി ചമഞ്ഞ് കാരെന്‍ തന്നെ, ബ്രൂമിലുണ്ടായ വാഹനാപകടത്തില്‍ ഭാര്യ മരിച്ചതായി രേഖാമൂലം കമ്പനിയെ അറിയിച്ചു. മരണ സര്‍ട്ടിഫിക്കറ്റ്, വാഹനാപകടം സംബന്ധിച്ച കൊറോണറുടെ അന്വേഷണ റിപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള കൃത്രിമ രേഖകളുടെ ഒരു പരമ്പര തന്നെ ഇതിനൊപ്പം സമര്‍പ്പിച്ചിരുന്നു. പിന്നാലെ യുവതി തന്റെ പങ്കാളിയുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ഇന്‍ഷുറന്‍സ് കമ്പനി 718,923 ഡോളര്‍ നിക്ഷേപിക്കുകയും ചെയ്തു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍, ഫിറ്റ്നസ് ഇന്‍സ്ട്രക്ടറായി ജോലി ചെയ്യുന്ന യുവതി തന്റെ അക്കൗണ്ടില്‍ നിന്ന് നിരവധി ഇടപാടുകള്‍ നടത്തിയതായി മനസിലാക്കിയ ബാങ്ക് ഇവരുടെ അക്കൗണ്ട് മരവിപ്പിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ഇതോടെയാണ് കുറ്റകൃത്യം ചുരുളഴിഞ്ഞത്.
അക്കൗണ്ടിലെ പണം തിരിച്ച് കിട്ടാനായി പാല്‍മിറ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് എന്തിനാണ് മരണം വ്യാജമായി ചിത്രീകരിച്ചത് എന്ന് ചോദിച്ചപ്പോള്‍ ഒന്നും അറിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീട് കോടതിയില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. കേസില്‍ അടുത്ത മാസം പെര്‍ത്ത് ജില്ലാ കോടതി വിധിപറയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26