ചന്ദ്രന്റെ മറുവശത്തെ കല്ലും മണ്ണുമായി ചാങ്ഇ-6 പേടകം ഭൂമിയിലെത്തി; പുതുചരിത്രമെഴുതി ചൈന

ചന്ദ്രന്റെ മറുവശത്തെ കല്ലും മണ്ണുമായി ചാങ്ഇ-6 പേടകം ഭൂമിയിലെത്തി; പുതുചരിത്രമെഴുതി ചൈന

ബീജിങ്: സങ്കീര്‍ണമായ 53 ദിവസത്തെ ചാന്ദ്രദൗത്യത്തിന് ശേഷം ചന്ദ്രന്റെ വിദൂരഭാഗത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനീസ് പേടകം 'ചാങ്ഇ-6' ഭൂമിയില്‍ തിരിച്ചെത്തി. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കഴിഞ്ഞ ദിവസം ഇന്നര്‍മംഗോളിയ മരൂഭൂമിയില്‍ ഇറങ്ങിയ ചാങ് ഇ-6 പേടകത്തിലുള്ള സാമ്പിളുകള്‍ക്ക് ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കാന്‍ കഴിയുമെന്നു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.

ചന്ദ്രന്റെ വിദൂര പ്രദേശത്തുനിന്നുള്ള സാമ്പിളുകള്‍ ഇതാദ്യമായാണ് ഭൂമിയിലെത്തുന്നത്. കല്ലും മണ്ണുമടങ്ങിയ സാമ്പിളുകള്‍ക്ക് രണ്ട് കിലോയോളം ഭാരമുണ്ട്.

ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരാത്ത ചന്ദ്രന്റെ ഭാഗത്ത് പര്യവേക്ഷണ പേടകം ഇറക്കാന്‍ ചൈനയ്ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇവിടെ ജലം ഉണ്ടായിരുന്നിരിക്കാമെന്നാണു കരുതുന്നത്.

ദൗത്യവിജയത്തില്‍ പങ്കെടുത്തവരെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് അഭിനന്ദിച്ചു. ചാന്ദ്രദൗത്യം പൂര്‍ണ വിജയമായിരുന്നുവെന്ന് ദൗത്യത്തിന് നേതൃത്വം വഹിച്ച ബഹിരാകാശ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.

ഭൂമിക്ക് അഭിമുഖമായി കാണപ്പെടുന്ന ചാന്ദ്രഭാഗത്ത് മണ്ണും പാറകളുമാണുള്ളതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചന്ദ്രനില്‍ വലിയ ഗവേഷണ സാദ്ധ്യതയുള്ളതായും ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നു. ചന്ദ്രന്റെ രണ്ട് വശങ്ങളും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്ന് പഠിക്കാന്‍ ഇതുവഴി സാധിക്കും.

യുഎസിന്റെയും റഷ്യയുടെയും ചാന്ദ്ര ദൗത്യങ്ങള്‍ മുമ്പ് ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ഭൂമിയില്‍ എത്തിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് കാണുന്ന വശത്ത് നിന്നുള്ളവയാണ്. ഭൂമിയില്‍ നിന്ന് കാണുന്ന ചന്ദ്രന്റെ ഭാഗം താരതമ്യേന പരന്നുകിടക്കുന്നതാണ്. എന്നാല്‍ അഗ്‌നിപര്‍വതങ്ങളും അനവധി ഉല്‍ക്കാ പതന ഗര്‍ത്തങ്ങളും നിറഞ്ഞ മേഖലയാണ് മറുവശം.

സാമ്പിളുകളില്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയശേഷം മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ക്ക് അവസരം നല്‍കും. കഴിഞ്ഞ മേയിലാണ് ദൗത്യം വിക്ഷേപിച്ചത്. ജൂണ്‍ ഒന്നിന് പേടകം ചന്ദ്രനിലിറങ്ങി. രണ്ട് ദിവസം നീണ്ട സാമ്പിള്‍ ശേഖരണത്തിനൊടുവില്‍ ജൂണ്‍ നാലിനാണ് പേടകം ചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്ക് തിരിച്ചത്. മൂന്നാഴ്ച നീണ്ട യാത്രയ്ക്കൊടുവിലാണ് പേടകം ഭൂമിയില്‍ ഇറങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.