'ഇന്ത്യയില്‍ 50 ശതമാനം പേര്‍ക്കും കായിക ക്ഷമതയില്ല; കായികാധ്വാനമോ വ്യായാമമോ ചെയ്യാത്തത് അസുഖങ്ങള്‍ ക്ഷണിച്ചു വരുത്തും': പഠന റിപ്പോര്‍ട്ട്

 'ഇന്ത്യയില്‍ 50 ശതമാനം പേര്‍ക്കും കായിക ക്ഷമതയില്ല; കായികാധ്വാനമോ വ്യായാമമോ ചെയ്യാത്തത് അസുഖങ്ങള്‍ ക്ഷണിച്ചു വരുത്തും': പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യയില്‍ 50 ശതമാനവും കായികാധ്വാനമോ വ്യായാമമോ ചെയ്യാത്തവരാണെന്നും കായിക ക്ഷമത ഇല്ലാത്തവരാണെന്നും പഠന റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കാരുടെ ശാരീരിക ക്ഷമതയെ കുറിച്ചുള്ള പഠനം.

മതിയായ ശാരീരിക ക്ഷമതക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടന നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള വ്യായാമത്തിലോ കായികാധ്വാനത്തിലോ ഇന്ത്യയിലെ പകുതി പേരും എത്തുന്നില്ല. പുരുഷന്മാരേക്കാള്‍ (42 ശതമാനം) സ്ത്രീകളാണ് (57 ശതമാനം) രാജ്യത്ത് കായികാധ്വാനം കുറവുള്ളവരെന്നും ലാന്‍സെറ്റ് പഠനം പറയുന്നു.

2002 ല്‍ ഇന്ത്യക്കാരിലെ ശാരീരിക ക്ഷമതയില്ലാത്തവര്‍ 22.3 ശതമാനമായിരുന്നെങ്കില്‍ 2022 ല്‍ ഇത് 49.4 ശതമാനത്തിലെത്തി നില്‍ക്കുന്നുവെന്നത് അപകട സൂചനയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2030 ആകുന്നതോടെ 60 ശതമാനം ഇന്ത്യക്കാരും ശാരീരികക്ഷമത ഇല്ലാത്തവരായി മാറും.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഒരു വ്യക്തി കായികക്ഷമതയുള്ളയാളാണെങ്കില്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ കായികാധ്വാനം ആവശ്യമായ ഏതെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടണം.

കായിക ക്ഷമതയില്ലാത്ത പുരുഷന്മാരുടെ എണ്ണം ഇന്ത്യയില്‍ 2000 ല്‍ ജനസംഖ്യയുടെ 19.6 ശതമാനമായിരുന്നു. 2010 ല്‍ ഇത് 28.9 ശതമാനമായി ഉയര്‍ന്നു. 2022 ല്‍ 42 ശതമാനമാണ്. ഇത് 2030ല്‍ 51.2 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തല്‍.

കായിക ക്ഷമതയില്ലാത്ത സ്ത്രീകളുടെ എണ്ണം 2000 ല്‍ ജനസംഖ്യയുടെ 25 ശതമാനമായിരുന്നു. 2010 ല്‍ ഇത് 38.7 ശതമാനമായി ഉയര്‍ന്നു. 2022 ല്‍ 57.2 ശതമാനമാണ്. ഇത് 2030 ല്‍ 68.3 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തല്‍.

മതിയായ കായിക പരിശീലനമില്ലായ്മ ഹൃദ്രോഗം, പ്രമേഹം, അര്‍ബുദങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് ഒഴിവാക്കാന്‍ മുതിര്‍ന്നവര്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ മിതമായ ശാരീരിക പ്രവര്‍ത്തനങ്ങളിലും ബുദ്ധിമുട്ടേറിയ ശാരീരിക പ്രവര്‍ത്തനങ്ങളെങ്കില്‍ 75 മുതല്‍ 150 മിനിറ്റ് വരെ സമയം ചിലവഴിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നുണ്ട്.

കായികക്ഷമതയില്ലാത്ത ആളുകളുടെ കാര്യത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ 12-ാം സ്ഥാനത്താണ് ഇന്ത്യ. ലോക വ്യാപകമായി നോക്കുമ്പോള്‍ മൂന്നിലൊന്ന് ജനങ്ങള്‍ക്കും കായിക ക്ഷമതയില്ല. 180 കോടിയോളം വരുമിത്. വ്യായാമത്തിന്റെയും കായികാധ്വാനത്തിന്റെയും കുറവ് രോഗങ്ങളെ നേരത്തെ വിളിച്ചു വരുത്തലാണെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.