ചന്ദ്രയാന്‍ 4 ന്റെ വിക്ഷേപണം ചരിത്രമാകും; പേടകത്തിന്റെ ഭാഗങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി ബഹിരാകാശത്ത് എത്തിച്ച് സംയോജിപ്പിക്കും

ചന്ദ്രയാന്‍ 4 ന്റെ വിക്ഷേപണം ചരിത്രമാകും; പേടകത്തിന്റെ ഭാഗങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി ബഹിരാകാശത്ത് എത്തിച്ച്  സംയോജിപ്പിക്കും

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 4  ദൗത്യത്തിന്റെ വിക്ഷേപണം രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ചന്ദ്രയാന്‍ 4 ന്റെ  ഭാഗങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി ബഹിരാകാശത്ത് എത്തിച്ച് ശേഷം അവിടെ വച്ച് സംയോജിപ്പിക്കുകയും തുടര്‍ന്ന് ചന്ദ്രനിലേക്കുള്ള യാത്ര തുടരുകയും ചെയ്യും.

ഐഎസ്ആര്‍ഒയുടെ പക്കലുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റിന് വഹിക്കാനാവുന്നതിനേക്കാള്‍ കൂടുതലാണ്  ചന്ദ്രയാന്‍ 4 ന്റെ  ഭാരം എന്നതിനാലാണ് ഇത്തരത്തില്‍ രണ്ട് ഘട്ടങ്ങളിലായി വിക്ഷേപണം നടത്തുന്നതെന്നും സോമനാഥ് പറഞ്ഞു.

വിവിധ ബഹിരാകാശ പേടകങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ദൗത്യം നേരത്തേയും നടന്നിട്ടുണ്ടെങ്കിലും ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങള്‍ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്നത് ആദ്യമായാണ്.

ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങള്‍ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്നതിനുള്ള ഡോക്കിങ് സാങ്കേതിക വിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

'സ്‌പെയ്‌ഡെക്‌സ്' എന്ന് പേരിട്ടിട്ടുള്ള ദൗത്യം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. ചന്ദ്രയാന്‍ 4 ന്റെ ചെലവ് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന്റെ അനുമതിക്കായി കൈമാറുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

ബഹിരാകാശ വിക്ഷേപണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നല്‍കാനുള്ള വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രൊപ്പോസല്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദേഹം പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.