അമേരിക്കയിലേക്ക് ടണ്‍ കണക്കിന് മയക്കുമരുന്ന് കടത്താന്‍ സഹായിച്ചു; ഹോണ്ടുറാസ് മുന്‍ പ്രസിഡന്റിന് 45 വര്‍ഷം തടവ് വിധിച്ച് യുഎസ് കോടതി

അമേരിക്കയിലേക്ക് ടണ്‍ കണക്കിന് മയക്കുമരുന്ന് കടത്താന്‍ സഹായിച്ചു; ഹോണ്ടുറാസ് മുന്‍ പ്രസിഡന്റിന് 45 വര്‍ഷം തടവ് വിധിച്ച് യുഎസ് കോടതി

ന്യൂയോര്‍ക്ക്: സൈന്യത്തെയും ദേശീയ പൊലീസിനെയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചെന്ന കുറ്റത്തിന് ഹോണ്ടുറാസ് മുന്‍ പ്രസിഡന്റ് യുവാന്‍ ഒര്‍ലാന്‍ഡോ ഹെര്‍ണാണ്ടസിന് 45 വര്‍ഷം തടവും എട്ട് ദശലക്ഷം യുഎസ് ഡോളര്‍ (66.85 കോടി രൂപ) പിഴയും ശിക്ഷ വിധിച്ച് യു.എസിലെ കോടതി. അമേരിക്കയിലേക്ക് ടണ്‍ കണക്കിന് കൊക്കെയ്നാണ് ഹെര്‍ണാണ്ടസ് കടത്താന്‍ സഹായിച്ചത്.

2014 മുതല്‍ 2022 വരെയാണ് ഹെര്‍ണാണ്ടസ് ഹോണ്ടുറാസിന്റെ പ്രസിഡന്റായിരുന്നത്. 2022ല്‍ സ്ഥാനമൊഴിഞ്ഞ് മൂന്നു മാസത്തിനുശേഷം വീട്ടില്‍ വെച്ച് ഹെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്യുകയും ആ വര്‍ഷം ഏപ്രിലില്‍ യുഎസിലേക്ക് കൈമാറുകയും ചെയ്തിരുന്നു. 2004ല്‍ ഹെര്‍ണാണ്ടസ് മയക്കുമരുന്ന് കടത്തുകാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹെര്‍ണാണ്ടസ്.

55കാരനായ മുന്‍ പ്രസിഡന്റ് ശിഷ്ട കാലം ജയിലില്‍ കഴിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അമേരിക്കയെ ലക്ഷ്യമാക്കി പുറപ്പെട്ട കൊക്കെയ്ന്‍ കപ്പലുകളെ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചുവെന്നതാണ് ഹെര്‍ണാണ്ടസിന്റെ കുറ്റം. ഇത്തരത്തില്‍ 400 ടണ്‍ കൊക്കൈയ്ന്‍ അമേരിക്കയിലേക്ക് കടത്താന്‍ അദ്ദേഹം സഹായിച്ചതായി പ്രോസിക്യൂട്ടര്‍ അവകാശപ്പെട്ടു. കൂടാതെ 2013, 2017 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനും വോട്ടിങ്ങില്‍ കൃത്രിമം കാണിക്കാനും അദ്ദേഹം മയക്കുമരുന്ന് പണം ഉപയോഗിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.