'ഗ്രാന്റ് ഫിനാലെ': ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു; ടീമില്‍ മാറ്റമില്ല

'ഗ്രാന്റ് ഫിനാലെ': ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു; ടീമില്‍ മാറ്റമില്ല

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച അതേ ടീമുമായാണ് ഫൈനലിലും ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ ടീമിനും മാറ്റമില്ല.

പരാജയമറിയാതെ ഫൈനലിലെത്തിയവരാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. അതിനാല്‍ തന്നെ ഫൈനല്‍ തീപ്പാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കാനഡയ്ക്ക് എതിരായ ഒരു മത്സരം മഴയെടുത്തതൊഴിച്ചാല്‍ ഈ ലോകകപ്പില്‍ കളിച്ച മത്സരങ്ങളിലെല്ലാം ജയിക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞിരുന്നു.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഐ.സി.സി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. നിരവധി തവണ സെമി ഫൈനലില്‍ തട്ടിത്തകര്‍ന്ന ആഫ്രിക്കക്കാരുടെ സ്വപ്നങ്ങള്‍ക്ക് ഇക്കുറി നിറം പകര്‍ന്നത് അഫ്ഗാനിസ്ഥാനെതിരായ സെമിയിലെ വമ്പന്‍ വിജയത്തോടെയാണ്.

ഇന്ത്യയാകട്ടെ രണ്ട് വര്‍ഷം മുമ്പ് നടന്ന ട്വന്റി 20 ലോക കപ്പിന്റെ സെമി ഫൈനലില്‍ തങ്ങളെ 10 വിക്കറ്റിന് തോല്‍പ്പിച്ച ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളും ഇക്കുറി സെമിയില്‍ പിഴുതെറിഞ്ഞ് 68 റണ്‍സിന്റെ വിജയവായാണ് ഫൈനലിലെത്തിയത്.

പ്രാഥമിക റൗണ്ടില്‍ പാകിസ്ഥാനെയും അമേരിക്കയെയും അയര്‍ലന്‍ഡിനെയും തോല്‍പ്പിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശിനെയും അഫ്ഗാനെയും തോല്‍പ്പിച്ചെങ്കിലും കഴിഞ്ഞ ലോക കപ്പിന്റെ ഫൈനലിലെ പരാജയത്തിന് ഓസ്‌ട്രേലിയയോട് പകരം തീര്‍ത്തതാണ് ശ്രദ്ധേയമായത്.

പ്രാഥമിക റൗണ്ടില്‍ ശ്രീലങ്ക, ഹോളണ്ട്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവരെയൊക്കെ കീഴടക്കിയെത്തിയ ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും ആതിഥേയരായ വിന്‍ഡീസിനെയും കറുത്ത കുതിരകളായ അമേരിക്കയെയും കീഴടക്കിയാണ് ഫൈനലിലേക്ക് കുതിച്ചത്.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്.

ടീം ദക്ഷിണാഫ്രിക്ക:  ക്വിന്‍ണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്സ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഹെയ്ന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യെ, തബ്രിസ് ഷംസി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.