നൈജീരിയയിൽ കൈക്കുഞ്ഞുമായെത്തിയ വനിതാ ചാവേർ പൊട്ടിത്തെറിച്ചു; 18 മരണം

നൈജീരിയയിൽ കൈക്കുഞ്ഞുമായെത്തിയ വനിതാ ചാവേർ പൊട്ടിത്തെറിച്ചു; 18 മരണം

അബുജ: നൈജീരിയയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ ബോർണോയിൽ ചാവേർ ആക്രമണം. പലയിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോർണോയിലെ​ ​ഗ്വോസ പട്ടണത്തിൽ മൂന്നിടങ്ങളിലായി ശനിയാഴ്ചയായിരുന്നു ചാവേർ ആക്രമണം.
വിവാഹ ചടങ്ങിലും മരണാനന്തര ചടങ്ങിലുമുൾപ്പെടെ ചാവേർ എത്തി പൊട്ടിത്തെറിക്കുകയായിരുന്നു. വിവാഹ വേദിയിൽ ചാവേറായി എത്തിയത് സ്ത്രീയാണ്. കുഞ്ഞിനെയും കൊണ്ടാണ് ഇവർ എത്തിയതെന്നും ചടങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്യുന്നു.

കാമറൂണിലെ അതിർത്തിക്ക് സമീപമുള്ള ആശുപത്രിയിലും ചാവേറായത് സ്ത്രീയാണ്. മൂന്നിടങ്ങളിലെ ചാവേർ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ​ഗർഭിണികളും കൊല്ലപ്പെട്ടതായി ബോർണോ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി മേധാവി ബർകിൻഡോ സെയ്ദു സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ നില ​ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഗുരുതരമായി പരിക്കേറ്റ 19 പേരെ പ്രവിശ്യാ തലസ്ഥാനമായ മെയ്ദുഗുരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ഒരു ​ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

സംഭവത്തിൽ നൈജീരിയൻ സൈന്യവും പൊലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദ സംഘടനകളായ ബോക്കോ ഹറാമിന്റെയും ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുടെയും ശക്തി കേന്ദ്രമാണ് ബോർണോ. ​ആക്രമണത്തിന് പിന്നിൽ ഈ ​ഗ്രൂപ്പുകളാകാനാണ് സാധ്യത.

ബൊക്കോ ഹറാം ഭീകരരുടെ പ്രധാന കേന്ദ്രമാണ് ബോർണോ സംസ്ഥാനം. 40,000 ത്തോളം ആളുകൾ ഇതിനോടകം ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. സംഘർഷങ്ങളും അക്രമങ്ങളും പതിവായതോടെ രണ്ട് മില്യനിലധികം ആളുകളാണ് ഇവിടെ നിന്നും പലായനം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.