കാർലോ അക്യുട്ടിസ് ഉൾപ്പെടെയുള്ള പതിനഞ്ച് പേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് അംഗീകാരം

കാർലോ അക്യുട്ടിസ് ഉൾപ്പെടെയുള്ള പതിനഞ്ച് പേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് അംഗീകാരം

വത്തിക്കാൻ സിറ്റി: വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് ഉൾപ്പെടെയുള്ള പതിനഞ്ച് പേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് അംഗീകാരം നൽകി ഫ്രാൻസിസ് മാർപാപ്പായുടെ അധ്യക്ഷതയിൽ നടന്ന കർദിനാൾമാരുടെ സാധാരണ കൺസിസ്റ്ററി. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡികസ്റ്ററിയുടെ പ്രീഫെക്ട് പതിനഞ്ച് വാഴ്ത്തപ്പെട്ടവരുടെയും ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വ റിപ്പോർട്ട് കൺസിസ്റ്ററിയിൽ അവതരിപ്പിച്ചു.

തുടർന്ന് അവരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള അംഗീകാരം കൺസിസ്റ്ററി അംഗങ്ങൾ നൽകി. പുതിയ വിശുദ്ധരിൽ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് ഒഴികെയുള്ളവരുടെ പേരുകൾ 2024 ഒക്ടോബർ 20 ഞായറാഴ്ച വിശുദ്ധരുടെ പട്ടികയിൽ ആലേഖനം ചെയ്യും. വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി 2025 ജൂബിലി വർഷത്തിലായിരിക്കും നടക്കുക.



കാർലോ അക്യുട്ടിസിസ്

കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച വ്യക്തിയാണ് കാർലോ അക്യൂട്ടിസ്. ലാപ്ടോപ്പും സമൂഹ മാധ്യമങ്ങളും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തിൽ പുതിയ പാത തുറന്നശേഷം 15–ാം വയസിൽ അന്തരിച്ച ഈ കംപ്യൂട്ടർ പ്രതിഭയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി നേരത്തെ തീരുമാനിച്ചിരുന്നു.

ബ്രസീലിൽ ഒരു ബാലൻ രോഗസൗഖ്യം നേടിയത് കാർലോയുടെ മധ്യസ്ഥതയിലാണെന്ന് സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് 2020 ഒക്ടോബർ 10 നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. കോസ്റ്ററിക്കയിൽ നിന്നുള്ള കൗമാരക്കാരി വലേറിയയ്ക്ക് അപകടത്തെ തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചതാണ് രണ്ടാമത്തെ അദ്ഭുതം. ഈ നൂറ്റാണ്ടിൽ കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയവരിൽ പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടർ പ്രതിഭയുമാണ്.

ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന കാർലോ 11–ാം വയസിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അത്ഭുതങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയനായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 136 വിശ്വാസ അത്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി വെർച്വൽ മ്യൂസിയം സൃഷ്ടിച്ചു.

പന്തുകളിയും വിഡിയോ ഗെയിമുകളുമായിരുന്നു ഇഷ്ടം. വെബ്സൈറ്റുകൾ ഉണ്ടാക്കാൻ കംപ്യൂട്ടറിന് മുൻപിലെന്ന പോലെ മണിക്കൂറുകൾ പ്രാർഥനയ്ക്കും ചെലവിട്ടു. രക്താർബുദം ബാധിച്ച് 2006 ൽ ഒക്ടോബർ 12 ന് മരിക്കും വരെ സജീവ സാക്ഷ്യം തുടർന്നു. കഴിഞ്ഞ വർഷം പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന ലോക യുവജനദിനത്തിന്റെ മധ്യസ്ഥൻ കാർലോ ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.