വിശുദ്ധ നാട് ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റില്‍ ക്രൈസ്തവര്‍ ഇല്ലാത്ത സാഹചര്യമുണ്ടാകും; ക്രിസ്ത്യാനികളുടെ പലായനത്തില്‍ വിലപിച്ച് ഫ്രാന്‍സിസ് പാപ്പ

വിശുദ്ധ നാട് ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റില്‍ ക്രൈസ്തവര്‍ ഇല്ലാത്ത സാഹചര്യമുണ്ടാകും; ക്രിസ്ത്യാനികളുടെ പലായനത്തില്‍ വിലപിച്ച് ഫ്രാന്‍സിസ് പാപ്പ

റോം: നിരന്തരമായ യുദ്ധങ്ങളും ആക്രമണങ്ങളും നടക്കുന്ന മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ ക്രൈസ്തവരുടെ നിലനില്‍പ് അപകടത്തിലാണെന്ന് ഫ്രാന്‍സിസ് പാപ്പ. പലായനം ചെയ്യുന്നവരുടെ നാടായി മിഡില്‍ ഈസ്റ്റ് മാറിയതില്‍ കടുത്ത ആശങ്കയാണ് മാര്‍പാപ്പ രേഖപ്പെടുത്തിയത്. ഇങ്ങനെ പോയാല്‍ വിശുദ്ധ നാട്ടില്‍ ഉള്‍പ്പെടെ ഒരു ക്രൈസ്തവന്‍ പോലും അവശേഷിക്കാത്ത സാഹചര്യമുണ്ടാകുമെന്നും പാപ്പ മുന്നറിയിപ്പ് നല്‍കി.

പൗരസ്ത്യസഭകള്‍ക്ക് സഹായമേകുന്ന റൊവാക്കോ (ROACO) കമ്മീഷന്റെ പ്ലീനറി സമ്മേളനത്തില്‍ സംബന്ധിച്ചവരുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

മദ്ധ്യപൂര്‍വ്വദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് ക്രൈസ്തവര്‍ ഒഴിഞ്ഞുപോകുന്ന ഭയാനകമായ സാഹചര്യത്തിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.  അപ്പസ്‌തോലന്മാര്‍ വിളിക്കപ്പെടുകയും ലോകമെങ്ങും സുവിശേഷമറിയിക്കാന്‍ അയക്കപ്പെടുകയും ചെയ്ത വിശുദ്ധ നാട്ടിലെ ഭീകരമായ അവസ്ഥ മനസിലാക്കി അവരോട് സാമീപ്യമറിയിക്കാനും, മദ്ധ്യപൂര്‍വ്വദേശങ്ങളിലുള്ള ക്രൈസ്തവര്‍ക്ക് ധൈര്യമേകാനും ലോകത്തുള്ള എല്ലാ വിശ്വാസികള്‍ക്കും സാധിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

യുദ്ധം എന്നത് ഒരു ആരംഭമല്ല, മറിച്ച് എപ്പോഴും ഒരു തോല്‍വിയാണെന്ന് പാപ്പാ ആവര്‍ത്തിച്ചു. സമാധാനത്തിന്റെ സുവിശേഷം പ്രഘോഷിച്ച സ്ഥലങ്ങളില്‍ അത് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. വിശുദ്ധ നാടിനെയും ഉക്രെയ്‌നെയും സിറിയ, ലെബനോന്‍, മധ്യപൂര്‍വദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളെയും പ്രത്യേകം പരാമര്‍ശിച്ച പാപ്പ, ഇത്തരമൊരു സാഹചര്യത്തില്‍ നിഷ്‌ക്രിയരായും നിസംഗതയോടെയും ജീവിക്കാന്‍ നമുക്ക് സാധിക്കില്ലെന്നും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.