വാഷിങ്ടൺ ഡിസി: അമേരിക്കൻ മുൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് സുപ്രീം കോടതിയുടെ ആശ്വാസ വിധി. പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് വിചാരണയിൽ നിയമപരിരക്ഷ ലഭിക്കുമെന്ന് സുപ്രീം കോടതി വിധിച്ചു. ഇതോടെ, പല ക്രിമിനൽ കേസുകളിലും ട്രംപിന് വിചാരണ നേരിടേണ്ടി വരില്ല.
കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നത് അടക്കമുള്ള കേസുകളിൽ ട്രംപിന് വലിയ ആശ്വാസമാകും സുപ്രിം കോടതിയുടെ ഇടപെടൽ. കാപിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്നതടക്കം നിരവധി ക്രിമിനൽ കേസുകൾക്കാണ് ട്രംപ് വിചാരണ നേരിടേണ്ടി വരുന്നത്. പ്രസിഡന്റായ സമയത്ത് ട്രംപ് ചെയ്ത പ്രവർത്തനങ്ങൾക്ക് നിയമ പരിരക്ഷ ഉണ്ടെന്ന് കോടതി പറഞ്ഞതോടെ ട്രംപിന് അത് തിരത്തെടുപ്പ് വേളയിലെ വലിയ നേട്ടമായി.
എന്നാൽ, പ്രസിഡന്റായ സമയത്തെ എല്ലാ ഇടപെടലുകൾക്കും നിയമ പരിരക്ഷ ഉണ്ടാകില്ലെന്നും നിയമ വിരുദ്ധമായി സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി നടത്തിയ ഇടപെടലുകൾക്ക് വിചാരണ നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
നിയമ നടപടികൾക്ക് വിധേയമാകേണ്ട കേസുകൾ ഏതെന്നും അല്ലാത്തത് ഏതെന്നും തീരുമാനിക്കാൻ കീഴ്ക്കോടതികളിലേക്ക് അയക്കും. അതോടെ കേസുകളുടെ നടപടിക്രമങ്ങൾ ഇനിയും വൈകും. കേസുകളിലെ വിചാരണയും ശിക്ഷാവിധിയും തിരഞ്ഞെടുപ്പിന് ശേഷമെ ആരംഭിക്കൂ. ട്രംപിന് തെരഞ്ഞെടുപ് വേളയിൽ വലിയൊരു ആശ്വാസമാണിത്. കീഴ്കോടതി തീരുമാനങ്ങൾ അപ്പീലിന് വിധേയമായിരിക്കുകയും ചെയ്യും. നിലവിലെ സുപ്രിം കോടതി ജഡ്ജിമാരിൽ മൂന്ന് പേരെ നിയമിച്ചത് ട്രംപ് ആണ്. ഇത് ട്രംപിന് അനുകൂലമായ വിധി പുറപ്പെടുവിക്കാൻ സഹായകരമായി.
78 കാരനായ ട്രംപ്, ക്രിമിനൽ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റും ഒരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ മുൻ പ്രസിഡന്റുമാണ്. 2023 ആഗസ്റ്റിലെ കുറ്റപത്രത്തിൽ, അമേരിക്കയെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തി, അമേരിക്കക്കാരുടെ വോട്ടവകാശത്തിന് എതിരായി ഗൂഢാലോചന നടത്തി എന്നീ കുറ്റമാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യത്തിൽ ഉൾപ്പെടുകയും പോൺ താരത്തിന് മൊഴിമാറ്റാൻ പണം നൽകുകയും ചെയ്ത സംഭവത്തിൽ ട്രംപിനെതിരെ കീഴ്‌കോടതികളിൽ ഒന്ന് ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്.
നേരത്തെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കീഴ്‌കോടതി വിധിച്ചിരുന്നു. തുടർന്ന് വിചാരണ കാല താമസം ഒഴിവാക്കണമെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്. ട്രംപിന്റെ നിയമ പരിരക്ഷ യുഎസ് ജില്ലാ ജഡ്ജി നിരസിച്ചതിനെ തുടർന്ന് ഫാസ്റ്റ് ട്രാക്ക് അവലോകനം സുപ്രീം കോടതി ജസ്റ്റിസുമാരോട് ട്രംപ് അഭ്യർഥിച്ചിരുന്നു. എന്നാൽ ട്രംപിന്റെ അഭ്യർഥന സുപ്രീം കോടതി നിരസിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.