തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 ആയി.
ലഖ്നൗ: ഈ ആധുനിക കാലത്തും മനുഷ്യര്‍ എത്രമാത്രം അന്ധവിശ്വാസികളാണ് എന്നതിന്റെ ആശങ്കയേറ്റുന്ന തെളിവാണ് ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലുണ്ടായ വന്‍ ദുരന്തം. ഭോലെ ബാബയെന്ന ആള്‍ദൈവത്തിന്റെ കാല്‍പാദം പതിഞ്ഞ മണ്ണ് ശേഖരിക്കാന്‍ അനുയായികള്‍ തിരക്ക് കൂട്ടിയതാണ് വന്‍ അപകടത്തിന് കാരണമായതെന്ന പൊലീസ് എഫ്ഐആര്‍ ഏറെ ഗൗരവത്തോടെ തന്നെ കാണേണ്ടതാണ്.
മനുഷ്യന്റെ വൈജ്ഞാനിക പോരായ്മകളെ ചൂഷണം ചെയ്ത് സ്വന്തമായി വലിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്ന ആള്‍ദൈവങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് അനുയായികളെ സൃഷ്ടിക്കുന്ന ഇത്തരക്കാര്‍ പിന്നീട് അനുയായികളുടെ പിന്‍ബലത്തില്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുമായി വിലപേശി സമൂഹത്തില്‍ തങ്ങളുടെ അപ്രമാദിത്വം ഉറപ്പാക്കുന്നു.
ഭോലെ ബാബയെന്ന ആള്‍ദൈവം ചവിട്ടിയ മണ്ണ് വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചാല്‍ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്ന അന്ധവിശ്വാസമാണ് ഹാഥ്റസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്‍റായ്ക്കടുത്തുണ്ടായ വന്‍ ദുരന്തത്തിന് ഇടയാക്കിയത്. അവസാനം ലഭ്യമായ വിവരമനുസരിച്ച് 130 പേരാണ് മരണമടഞ്ഞത്.
80,000 ആളുകള്‍ക്ക് മാത്രം അനുമതിയുള്ള പരിപാടിയില്‍ രണ്ടരലക്ഷം പേര്‍ പങ്കെടുത്തതായും പൊലീസ് പറയുന്നു. സംഘാടകര്‍ ആളുകളുടെ എണ്ണം മറച്ചു വച്ചതിനാല്‍ അത്രയും പേരെ നിയന്ത്രിക്കാനാവശ്യമായ പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു.
സത്സംഗ് എന്ന പേരില്‍ നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങിന്റെ സംഘാടകരായ ദേവപ്രകാശ് മധുകറിന്റെയും മറ്റ് ചിലരുടെയും പേരുകളാണ് എഫ്ഐആറില്‍ ഉള്ളത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 105 (മനപൂര്‍വമല്ലാത്ത നരഹത്യ), തുടങ്ങി വിവധ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ഒളിവില്‍ പോയ ആള്‍ദൈവത്തിന്റെ പേരില്‍ ഇതുവരെ കേസെടുത്തിട്ടില്ല.
ആരാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബ?
സ്വയം പ്രഖ്യാപിത ആത്മീയ നേതാവും ആള്‍ദൈവവുമായ ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല്‍ സിങ് ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ ബഹാദൂര്‍ നഗരി ഗ്രാമത്തില്‍ ഒരു കര്‍ഷകന്റെ മകനായാണ് ജനിച്ചത്.
പൊലീസില്‍ ജോലി ലഭിച്ച ഇയാള്‍ പിന്നീട് ഉത്തര്‍പ്രദേശ് പൊലീസിലെ ഇന്റലിജന്‍സ് യൂണിറ്റില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു. പതിനെട്ട് വര്‍ഷത്തെ സര്‍വീസിന് ശേഷം ജോലി രാജിവച്ച് ആത്മീയ പ്രഭാഷണത്തിലേക്ക് തിരിഞ്ഞു.
1999 ല്‍ സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിച്ച ഇയാള്‍ നാരായണ്‍ സാകര്‍ ഹരി എന്ന് പേര് മാറ്റുകയും സത്സംഗങ്ങള്‍ തുടങ്ങുകയും ചെയ്തു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ ഇയാള്‍ക്ക് അനുയായികളുണ്ട്. പ്രധാനമായും ചൊവ്വാഴ്ചകളിലാണ് സത്സംഗങ്ങള്‍ സംഘടിപ്പിക്കാറുള്ളത്.
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് 50,000 ല്‍ അധികം പേരെ പങ്കെടുപ്പിച്ച് ഭോലെ ബാബ സത്സംഗം നടത്തിയത് ഏറെ വിവാദമായിരുന്നു. അന്ന് പൊതുപരിപാടികളില്‍ അനുവദനീയമായ പരമാവധി ആളുകളുടെ എണ്ണം 50 പേര്‍ മാത്രമായിരിക്കെയാണ് ഇയാള്‍ 50,000 ല്‍ അധികം പേരെ പങ്കെടുപ്പിച്ച് സത്സംഗ് നടത്തിയത്.
ആള്‍ദൈവത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പ് വരുത്താനായി നാരായണി സേന എന്ന പേരില്‍ സദാ സന്നദ്ധരായ ഭക്തരുടെ സുരക്ഷാ സംഘവും ഇയാള്‍ക്കുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.