ബ്രിസ്‌ബെയ്ന്‍ സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ തിരുനാള്‍; വിശ്വാസവഴിയില്‍ പുതുകാഴ്ച്ചാനുഭവം സമ്മാനിക്കാന്‍ 'രാജശില്‍പി' ബൈബിള്‍ നാടകം

ബ്രിസ്‌ബെയ്ന്‍ സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ തിരുനാള്‍; വിശ്വാസവഴിയില്‍ പുതുകാഴ്ച്ചാനുഭവം സമ്മാനിക്കാന്‍ 'രാജശില്‍പി' ബൈബിള്‍ നാടകം

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെയ്ന്‍ സൗത്തിലെ സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ ജൂലൈ അഞ്ച് മുതല്‍ ഏഴു വരെ നടക്കും.

അഞ്ചിന് (വെള്ളിയാഴ്ച്ച) വൈകിട്ട് ആറിന് ഫൊറോന വികാരി ഫാ. എബ്രഹാം നാടുകുന്നേല്‍ കൊടിയേറ്റുന്നതോടെ തിരുനാള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച്ച. 6.15-ന് നടക്കുന്ന വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഇപ്സ്വിച്ച് ആന്‍ഡ് സ്പ്രിങ്ഫീല്‍ഡ് മിഷന്‍ വികാരി ഫാ. ആന്റോ ചിരിയംകണ്ടത്ത് നേതൃത്വം നല്‍കും.

രണ്ടാം ദിനമായ ആറിന് (ശനിയാഴ്ച) വൈകിട്ട് മൂന്നിന് ആഘോഷമായ വി. കുര്‍ബാനയ്ക്ക് ഫ്രഞ്ച്‌സ് ഫോറസ്റ്റ് ഇടവക (സിഡ്നി) അസോസിയേറ്റ് വികാരി ഫാ. ബിജു മാത്യു കൊയ്ക്കാട്ടില്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് 'കൊയ്നോനിയ (ഫെലോഷിപ്പ്) 2024' എന്ന പേരില്‍ സാംസ്‌കാരിക പരിപാടി നടക്കും. 9:30 വരെ നീളുന്ന പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ് ഫുഡ് ഫെസ്റ്റിവല്‍. ബ്രിസ്ബെയ്ന്‍ ബ്രിസി ബീട്‌സ് ചെണ്ടമേളത്തിന്റെ ഫ്യൂഷന്‍ ചെണ്ടമേളം 'കൊയ്നോനിയ 2024'-നെ ആഘോഷ പൂരിതമാക്കും. വിവിധ ഇടവകകളില്‍ നിന്നുമായി 500-ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കും.



അന്നേ ദിവസം രാത്രി 8.30-ന് ഫാ. ഷാജി തുമ്പേച്ചിറയില്‍ സംവിധാനം നിര്‍വഹിച്ച രാജശില്‍പി എന്ന ബൈബിള്‍ നാടകം അവതരിപ്പിക്കും. വിശ്വാസ വീഥിയിലൂടെ യാത്ര ചെയ്യുന്ന നാടകം പ്രേക്ഷകര്‍ക്ക് പുതുകാഴ്ച്ചയും ഗൃഹാതുരത്വവും സമ്മാനിക്കും.

പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ ഏഴിന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ആഘോഷമായ വി. കുര്‍ബ്ബാനയ്ക്ക് ന്യൂ കാസില്‍ സെന്റ് മേരീസ് മിഷന്‍ വികാരി ഫാ. ജോണ്‍ പുതുവ നേതൃത്വം നല്‍കും. വൈകിട്ട് 5.30-ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടത്തും. തിരുനാള്‍ പ്രദക്ഷിണത്തെ തുടര്‍ന്ന്, ലദീഞ്ഞ്, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടാകും.



നവനാള്‍ നൊവേന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, പ്രാര്‍ഥന ശുശ്രൂഷകള്‍, അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹായെയും മറ്റു വിശുദ്ധരെയും ആദരിക്കുന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ തിരുനാളിന്റെ പ്രത്യേകതകളാണ്.

ജൂണ്‍ 27 മുതല്‍ നടന്നുവരുന്ന തിരുനാള്‍ ഒരുക്ക നൊവേനയ്ക്കും ദിവ്യബലിക്കും ഫാ. ടിജോ പുത്തന്‍പറമ്പില്‍, ഫാ. തോമസ് അരീക്കുഴി, ഫാ. അശോക് അമ്പലത്തിങ്കല്‍, ഫാ. എബ്രഹാം നാടുകുന്നേല്‍, ഫാ. തോമസ് വര്‍ക്കി, ഫാ. വര്‍ഗീസ് വിതയത്തില്‍, ഫാ. പ്രിന്‍സ് തൈപ്പുരയിടത്തില്‍, ഫാ. ജോണി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

ശനിയാഴ്ച നടക്കുന്ന കൊയ്നോനിയ (ഫെലോഷിപ്പ്) 2024 കലാസന്ധ്യക്ക് നേതൃത്വം നല്‍കുന്നത് ടോം തോമസ്, വിന്‍സെന്റ് ജോസ്, ടോം ജോസഫ് എന്നിവരാണ്.

കൈക്കാരന്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, തോമസ് കച്ചപ്പിള്ളി, മാത്യു പുന്നോലില്‍, ഷാരോണ്‍ ബിജു, നിവില്‍ ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

തിരുനാളിലും അതിനോടനുബന്ധിച്ച എല്ലാ ചടങ്ങുകളിലും ഭക്ത്യാദരപൂര്‍വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും ഫൊറോന വികാരി ഫാ. എബ്രഹാം നാടുകുന്നേല്‍ ക്ഷണിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26