ബ്രിട്ടനില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി റിഷി സുനകിന് വെല്ലുവിളി ഉയര്‍ത്തി കീര്‍ സ്റ്റാമര്‍

ബ്രിട്ടനില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി റിഷി സുനകിന് വെല്ലുവിളി ഉയര്‍ത്തി കീര്‍ സ്റ്റാമര്‍

ലണ്ടന്‍: ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് നാളെ നടക്കും. ബ്രിട്ടന്റെ രാഷ്ട്രീയ ഗതിയില്‍ നിര്‍ണായക മാറ്റത്തിനു വഴിവയ്ക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. നിലവിലെ പ്രധാനമന്ത്രി റിഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കനത്ത പരാജയം നേരിടേണ്ടി വരുമെന്നും കീര്‍ സ്റ്റാമര്‍ നേതാവായുള്ള ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നുമാണ് പ്രവചനം.

രണ്ടാം വട്ടവും പ്രധാനമന്ത്രി പദത്തിനായി അങ്കത്തിനിറങ്ങുന്ന റിഷി സുനകിന് കടുത്ത വെല്ലുവിളിയാണ് കീര്‍ സ്റ്റാമര്‍ ഉയര്‍ത്തുന്നത്. ആരോഗ്യരംഗം, കുടിയേറ്റം തുടങ്ങി വിവിധ വിഷയങ്ങളാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത്.

നിലവിലെ സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് റിഷി സുനക് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന സമയത്താണ് പ്രഖ്യാപനം.

വിലപ്പെരുപ്പം ഒരു പരിധി വരെ മെരുക്കാനായെന്നും മുന്‍ഗാമികളുടെ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയെ മെച്ചെപ്പെടുത്തിയെന്നുമുള്ള ആത്മവിശ്വാസത്തോടെയാണ് റിഷി സുനക് തിരഞ്ഞെടുപ്പ് നേരത്തേയാക്കിയത്. എന്നാല്‍, കുടിയേറ്റം, ഹൗസിങ്, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിലെല്ലാം സുനക് പരാജയപ്പെട്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

മറുവശത്ത് കീര്‍ സ്റ്റാമറിനെ സ്ഥിരതയും സന്തുലിതവുമായ തീരുമാനങ്ങളെടുക്കാനാകുന്ന നേതാവായാണ് ജനം കരുതുന്നത്. അതിനാല്‍ തന്നെ സര്‍വേ ഫലങ്ങളിലെല്ലാം സ്റ്റാമറിന് 650 ല്‍ 420ന് മുകളില്‍ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത് 326 സീറ്റുകളാണ്. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ തൂക്കുപാര്‍ലമെന്റ് വരും.

രാജ്യത്തെ 650 മണ്ഡലങ്ങളില്‍ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ ഏഴു മുതല്‍ രാത്രി 10 വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ ഫലം നാളെ അര്‍ധരാത്രിയോടെ പുറത്തുവരും. വെള്ളിയാഴ്ച രാവിലെയോടെ അന്തിമ ഫലമറിയാം.

പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിലേക്കുള്ള പ്രതിനിധികളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ഉപരിസഭയിലെ (ഹൗസ് ഓഫ് ലോര്‍ഡ്സ്) അംഗങ്ങളെ നിയമിക്കുകയാണ് ചെയ്യുക.

ആരോഗ്യമേഖല ഉള്‍പ്പെടെയുള്ള പൊതു സംവിധാനങ്ങളിലെ പ്രതിസന്ധിയും കുടിയേറ്റവുമെല്ലാം തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളാണ്. ലേബര്‍ ഭരണം വന്നാല്‍ നികുതി വര്‍ധനയുണ്ടാകുമെന്നും പശ്ചാത്തപിക്കാന്‍ ഇടവരാത്ത തീരുമാനം എടുക്കണമെന്നുമാണ് റിഷി സുനക് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.