കേന്ദ്രം കൂടുതല്‍ മയപ്പെടുന്നു; കാര്‍ഷിക നിയമത്തില്‍ ലോക്‌സഭയില്‍ ഉപാധികളോടെ ചര്‍ച്ചയാകാം

കേന്ദ്രം കൂടുതല്‍ മയപ്പെടുന്നു; കാര്‍ഷിക നിയമത്തില്‍  ലോക്‌സഭയില്‍ ഉപാധികളോടെ  ചര്‍ച്ചയാകാം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട കടുംപിടുത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അയയുന്നു. കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം മരവിപ്പിക്കാം എന്ന വാഗ്ദാനത്തിന് പിന്നാലെ ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ചയെന്ന പ്രതിപക്ഷ ആവശ്യത്തിനും കേന്ദ്ര സര്‍ക്കാര്‍ വഴങ്ങി. ഉപാധികളോടെ പ്രത്യേക ചര്‍ച്ചയാകാമെന്ന് കേന്ദ്രം വ്യക്തമാക്കി.

കര്‍ഷക സമരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലോക്‌സഭയില്‍ പ്രതിപക്ഷം വലിയ പ്രതിഷേധം പുറത്തെടുത്തിരുന്നു. നന്ദിപ്രമേയ ചര്‍ച്ചയക്കമുള്ള നടപടിക്രമങ്ങള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് ചില ഉപാധികള്‍ കേന്ദ്രം മുന്നോട്ട് വെച്ചത്.

നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കാനും ബജറ്റ് പാസാക്കാനും ചില ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ അനുവദിക്കണമെന്നത് അടക്കമാണ് ഉപാധികള്‍. കേന്ദ്രത്തിന്റെ ഈ ഉപാധികളില്‍ തീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച രാജ്യസഭയില്‍ നിലപാട് വ്യക്തമാക്കിയേക്കും. അതിനിടെ ന്യൂഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന പാതകളില്‍ കര്‍ഷകരുടെ ഉപരോധം ആരംഭിച്ചു. ഉച്ചക്ക് 12 ആരംഭിച്ച ഉപരോധം ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.