ലണ്ടന്‍: യു.കെ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ഇന്ത്യയ്ക്കും അഭിമാന നേട്ടം. ഒരു ഇന്ത്യന്‍ വംശജനെ പ്രധാനമന്ത്രി കസേരയില്‍ നിന്നും താഴെയിറക്കിയെങ്കിലും പകരമെത്തുന്നത് 26 ഇന്ത്യന്‍ വംശജരായ എംപിമാരാണ്. ഇക്കുറി ബ്രിട്ടീഷ്-ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നും 26 പേരാണ് ജയിച്ച് കയറിയത്. ആദ്യമായാണ് ഇത്രയും ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുന്നത്.
നേരത്തേ 15 ഇന്ത്യന്‍ വംശജരാണ് ബ്രിട്ടീഷ് പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ അംഗങ്ങളായിരുന്നത്. എന്നാല്‍, ഇക്കുറി തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ എണ്ണം ഉയരുകയായിരുന്നു. 107 ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികളാണ് ഇക്കുറി യു.കെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
2021ലെ സെന്‍സസ് പ്രകാരം 10 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരാണ് ബ്രിട്ടനിലുള്ളത്.
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി റിഷി സുനക് ആണ് ഇന്ത്യന്‍ വംശജരില്‍ ഏറ്റവും പ്രമുഖന്‍. റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തല്ലെര്‍ട്ടണ്‍ മണ്ഡലത്തില്‍നിന്നാണ് സുനക് വിജയിച്ചത്. സുവെല്ല ബ്രേവര്‍മാന്‍, പ്രീതി പട്ടേല്‍, ക്ലെയര്‍ കുടിഞ്ഞോ, ഗഗന്‍ മൊഹീന്ദ്ര, ശിവാനി രാജ എന്നിവരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച പ്രമുഖ ഇന്ത്യന്‍ വംശജര്‍.
ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ വിജയിച്ചത്-19 പേര്‍. സീമ മല്‍ഹോത്ര, വലേരി വാസ്, ലിസ നന്ദി, പ്രീതം കൗര്‍ ഗില്‍, തന്‍മന്‍ജീത് സിംഗ് ധേസി, നവേന്ദു മിശ്ര, നാദിയ വിട്ടോമെ എന്നിവര്‍ സീറ്റ് നിലനിര്‍ത്തി.
മലയാളിയായ സോജന്‍ ജോസഫ്, ജാസ് അത്വാല്‍, ബാഗി ശങ്കര്‍, സത്വീര്‍ കൗര്‍, ഹര്‍പ്രീത് ഉപ്പല്‍, വാരീന്ദര്‍ ജസ്, ഗുരീന്ദര്‍ ജോസന്‍, കനിഷ്‌ക നാരായണ്‍, സോണിയ കുമാര്‍, സുരീന ബ്രാക്കണ്‍ബ്രിഡ്ജ്, കിരിത് എന്റ്വിസില്‍, ജീവന്‍ സാന്ദര്‍ എന്നിവരാണ് ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കന്നിവിജയം നേടിയ ഇന്ത്യന്‍ വംശജര്‍. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിനിധിയായി മുനീറ വില്‍സണ്‍ വിജയിച്ചു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ കാര്യമായി നേടാന്‍ ലേബര്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍, ഇക്കുറി റെക്കോഡ് ഇന്ത്യന്‍ വംശജരെ മത്സരിപ്പിച്ചാണ് ലേബര്‍ പാര്‍ട്ടി ഇതിന് പ്രായശ്ചിത്തം ചെയ്തത്.
650 സീറ്റുകളില്‍ 370 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി അധികമായി നേടിയത്. റിഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 90 സീറ്റുകളില്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 51 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 6 സീറ്റുകളിലും സിന്‍ ഫെയിന്‍ 6 സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും വിജയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.