പള്ളി വക ഓഡിറ്റോറിയത്തില്‍ ജനാഭിമുഖ കുര്‍ബാന അനുകൂലികളുടെ ഒത്തുചേരല്‍: തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംഘര്‍ഷം

പള്ളി വക ഓഡിറ്റോറിയത്തില്‍ ജനാഭിമുഖ കുര്‍ബാന അനുകൂലികളുടെ ഒത്തുചേരല്‍:  തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംഘര്‍ഷം

കൊച്ചി: ഏകീകൃത കുര്‍ബാന അര്‍പ്പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാന അനുകൂലികളും ജനാഭിമുഖ കുര്‍ബാന അനുകൂലികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

ഞായറാഴ്ച പള്ളിയിലെ സിയോന്‍ ഓഡിറ്റോറിയത്തില്‍ ജനാഭിമുഖ കുര്‍ബാന അനുകൂലികള്‍ ഫൊറോന വിശ്വാസ സംഗമം സംഘടിപ്പിച്ചിരുന്നു. സിയോന്‍ ഓഡിറ്റോറിയത്തില്‍ സഭയ്‌ക്കെതിരെയുള്ള സമ്മേളനം നടത്തുവാന്‍ പാടില്ലെന്നാവശ്യപ്പെട്ട് ഫൊറോനയിലെ ഏകീകൃത കുര്‍ബാന അനുകൂലികളുടെ സംഘടനയായ ദൈവജന മുന്നേറ്റം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പള്ളിവളപ്പില്‍ സഭയ്‌ക്കെതിരെയുള്ള യോഗം നടത്തിയാല്‍ പ്രതിരോധിക്കുമെന്ന് കാണിച്ച് ഫൊറോന വികാരിക്കും അതിരൂപതാ അധികാരികള്‍ക്കും പോലീസിനും ഏകീകൃത കുര്‍ബാന അനുകൂലികള്‍ കത്തും നല്‍കിയിരുന്നു. സമ്മേളനം പള്ളി വളപ്പില്‍ നിന്നും മാറ്റിവയ്ക്കണമെന്ന് പോലീസുള്‍പ്പെടെ ഫൊറോന വികാരിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സമ്മേളനവുമായി വിമതപക്ഷം മുന്നോട്ടു പോകുകയായിരുന്നു.

ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ ഫൊറോനയിലെ ഏകീകൃത കുര്‍ബാന അനുകൂലികള്‍ പള്ളിമുറ്റത്ത് പ്രതിഷേധ സംഗമം നടത്തുന്നതിനിടെ സിയോന്‍ ഓഡിറ്റോറിയത്തിലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പ്രകോപനവുമായെത്തി.

ഇതോടെയാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. ഏതാനും പേരെ വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയതോടെ വാക്കേറ്റം മൂര്‍ച്ഛിച്ചെങ്കിലും പിന്നീട് പ്രതിഷേധ യോഗം നടത്തി ഏകീകൃത കുര്‍ബാന അനുകൂലികള്‍ പിരിഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.