സിഡ്‌നിയില്‍ വീടിന് തീപിടിച്ച് മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തകരെ തടഞ്ഞ പിതാവ് അറസ്റ്റില്‍

സിഡ്‌നിയില്‍ വീടിന് തീപിടിച്ച് മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തകരെ തടഞ്ഞ പിതാവ് അറസ്റ്റില്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വീടിന് തീപിടിച്ച് മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ ദാരുണമായി മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. വീട് കത്തിയെരിയുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അഗ്‌നിശമന സേനയെ തടഞ്ഞ സംഭവത്തിലാണ് 28 വയസുകാരനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ജീവിത പങ്കാളിയും ഏഴ് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.

സിഡ്‌നി ലാലര്‍ പാര്‍ക്കിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായതെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പറഞ്ഞു. മൂന്നും ആറും വയസുള്ള രണ്ട് ആണ്‍കുട്ടികളും പത്ത് മാസം പ്രായമുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്.

നാല് വയസിനും 11 വയസിനും ഇടയില്‍ പ്രായമുള്ള നാല് കുട്ടികളെയും 29 വയസുകാരിയായ യുവതിയെയും രക്ഷിക്കാന്‍ കഴിഞ്ഞു. ഇവരെല്ലാം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി പൊലീസ് അറിയിച്ചു.

മരിച്ച കുട്ടികളുടെ പിതാവാണ് യുവാവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മൂന്നും ആറും വയസുള്ള ആണ്‍കുട്ടികളെ ഗുരുതരാവസ്ഥയില്‍ വെസ്റ്റ്മീഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അല്‍പ്പസമയത്തിനകം മരിച്ചു. തീ അണച്ചതിന് ശേഷമാണ് 10 മാസം പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തീപിടിത്തമുണ്ടായതിന് തൊട്ടുപിന്നാലെ എത്തിയ രക്ഷാപ്രവര്‍ത്തകരെ വീട്ടിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ യുവാവ് തടയുകയായിരുന്നു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു. കുട്ടികളുടെ മരണം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കൊലപാതകമെന്ന തരത്തിലാണ് പൊലീസ് അന്വേഷിക്കുന്നത്.

അറസ്റ്റിലായ ശേഷം പൊലീസ് ഉദ്യോഗസ്ഥരോട് പ്രകോപനപരമായി പെരുമാറിയ പ്രതിയെ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാക്കിയിരിക്കുകയാണ്. കുട്ടികളുടെ മരണത്തിന് ഉത്തരവാദി യുവാവ് തന്നെയാണെന്നാണ് മനസിലാവുന്നതെന്ന് സ്റ്റേറ്റ് ഹോമിസൈഡ് സ്‌ക്വാഡ് കമാന്‍ഡര്‍ പറഞ്ഞു. ഇയാള്‍ മനഃപൂര്‍വം ചെയ്ത പ്രവൃത്തിയായിരുന്നു ഇതെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26