ടോക്കിയോ: ജപ്പാനിന്റെ തലസ്ഥാനമായ ടോക്കിയോയിലെ ആദ്യ കത്തോലിക്ക ദേവാലയം സ്ഥാപിതമായിട്ട് 150 വർഷങ്ങൾ. വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള സുകിജിയിലെ ദേവാലയത്തിന്റെ 150-ാം വാർഷികാഘോഷങ്ങൾ ടോക്കിയോയിൽ നടന്നു. ടോക്കിയോ ആർച്ച് ബിഷപ്പ് ടാർസിഷ്യസ് ഐസാവോ കികുച്ചി മുഖ്യ കാർമികത്വം വഹിച്ചു.
150 വർഷങ്ങൾക്ക് മുമ്പ് വലിയ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അതിജീവിച്ചാണ് മിഷനറിമാർ ഈ ദേവാലയം പണിതുയർത്തിയതെന്ന് ആർച്ച് ബിഷപ് അനുസ്മരിച്ചു. ചുരുങ്ങുന്ന ജനസംഖ്യയുടെയും പ്രായമാകുന്ന സമൂഹത്തിന്റെയും മുന്നിൽ സഭ ഇന്നും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും എന്നാൽ ആശങ്കകൾക്കിടയിലും ശുഭാപ്തി വിശ്വാസമുണ്ടെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.
പാരിസ് ഫോറിൻ മിഷൻസ് സൊസൈറ്റി അംഗങ്ങൾ നിർമിച്ച സുകിജിയിലെ ദേവാലയം 1874 നവംബറിലാണ് കൂദാശ ചെയ്തത്. 1891ൽ ടോക്കിയോ അതിരൂപത സ്ഥാപിതമായതോടെ അത് കത്തീഡ്രൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 1923 ൽ തീവ്രമായ കാന്റോ ഭൂകമ്പത്തിൽ ഈ ദേവാലയം നശിക്കുകയും 1927ൽ പുനർനിർമിക്കുകയും ചെയ്തു. 1999 ൽ ടോക്കിയോയിലെ പൈതൃക സ്മാരകങ്ങളിൽ ഒന്നായി ജാപ്പനീസ് ഗവൺമെന്റ് ഇത് അംഗീകരിച്ചു.
ജെസ്യൂട്ട് സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ സമകാലീനനായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് 1549 -ൽ ജപ്പാനിൽ സുവിശേഷം എത്തിക്കുന്നത്. ജപ്പാനിലെ ഭാഷ പഠിച്ച ഫ്രാൻസിസ് സേവ്യർ ആയിരക്കണക്കിന് ആളുകളെ കത്തോലിക്ക വിശ്വാസത്തിലേക്ക് നയിച്ചു. ഇതിനിടയിൽ ഫ്രാൻസിസ്കൻ, ഡൊമിനിക്കൻ, അഗസ്റ്റിനിയൻ സഭകളിലെ മിഷ്ണറിമാരും ജപ്പാനിലേക്കെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.